കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയത് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് എസ്‌യുവിയായ ഹ്യുണ്ടായി കോനയില്‍. രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് മന്ത്രി തന്റെ ഔദ്യോഗിക യാത്രയ്ക്കായി കോന തിരഞ്ഞെടുത്തത്.

മലിനീകരണമുക്തമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് രാജ്യം മാറുകയാണ്. വര്‍ധിച്ചുവരുന്ന മലീനീകരണത്തിനെതിരേ പോരാടാന്‍ ജനങ്ങള്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്താനും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു. 

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ കോന കേന്ദ്ര സര്‍ക്കാര്‍ വാങ്ങാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 

എന്നാല്‍, ഇതിനുപിന്നാലെയാണ് ഭാരത സര്‍ക്കാര്‍ ബോര്‍ഡ് പതിപ്പിച്ച വാഹനത്തില്‍ മന്ത്രി പാര്‍ലമെന്റില്‍ എത്തിയത്. പച്ച പ്രതലത്തില്‍ വെള്ള നിറത്തിലാണ് ഈ വാഹനത്തില്‍ നമ്പര്‍ ആലേഖനം ചെയ്തിരിക്കുന്നത്.

ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം നിഷ്പ്രയാസം കോന പിന്നിടും. കിലോമീറ്ററിന് വെറും 40 പൈസ മാത്രമാണ് കോനയുടെ റണ്ണിങ് കോസ്റ്റ്. 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 39.2 kWh ലിഥിയം അയേണ്‍ പോളിമെര്‍ ബാറ്ററിയുമാണ് ഇലക്ട്രിക് കോനയിലുള്ളത്.

Content Highlights: Union Minister Prakash Javadekar Arrived At Parliament In An Electric Car