ത്രിധ്യ ടെക് സമ്മാനിച്ച കാറുകൾക്ക് സമീപം ജീവനക്കാർ | Photo: Tridhya Tech
തൊഴിലിടങ്ങളിലെ ആദരവും അഭിനന്ദനങ്ങളും പോലും ജീവനക്കാരെ സംബന്ധിച്ച് വലിയ ആവേശം പകരുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഭൂരിഭാഗം കമ്പനികളും ജീവനക്കാരുടെ പ്രകടനം വിലയിരുത്തി പാരിതോഷികങ്ങളും മറ്റും നല്‍കുന്നതും പുതിയ ട്രെന്റാണ്. അടുത്തിടെയാണ് കേരളത്തിലെ ഒരു ഐ.ടി. കമ്പനി പത്താം വാര്‍ഷികത്തിന്റെ ഭാഗമായി കമ്പനിയുടെ തുടക്കം മുതല്‍ കൂടെയുണ്ടായിരുന്ന ജീവനക്കാര്‍ക്ക് കിയ സെല്‍റ്റോസ് നല്‍കി ആദരിച്ചത്. സമാന സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ് ത്രിധ്യ ടെക് എന്ന ഐ.ടി. കമ്പനിയും.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് സൊലൂഷന്‍സ് കമ്പനിയാണ് ത്രിധ്യ ടെക്. കമ്പനിക്കൊപ്പം ദീര്‍ഘകാലമായി ജോലി ചെയ്യുന്ന 13 ജീവനക്കാര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ കാര്‍ സമ്മാനമായി നല്‍കിയാണ് ആദരിച്ചിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് അവര്‍ നല്‍കിയ സംഭവനകള്‍ പരിഗണിച്ചാണ് 13 ജീവനക്കാര്‍ക്ക് സമ്മാനമായി വാഹനം നല്‍കിയിരിക്കുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ഇത് കൂടുതല്‍ ജീവനക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ പ്രചോദനമാകുമെന്നും കമ്പനി വിലയിരുത്തുന്നു.
ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതിഫലനമാണ് കമ്പനിയുടെ വിജയമെന്നും, ഇത് തിരിച്ചറിഞ്ഞാണ് ജീവനക്കാര്‍ക്ക് പ്രത്യേകമായ സമ്മാനങ്ങള്‍ നല്‍കുന്ന സമീപനം സ്വീകരിക്കുന്നതെന്നുമാണ് ത്രിധ്യ ടെക് മാനേജ്‌മെന്റിന്റെ നിലപാട്. കമ്പനിയില്‍ നടന്ന പരിപാടിയില്‍ സര്‍പ്രൈസായാണ് ജീവനക്കാര്‍ക്ക് വാഹനം സമ്മാനിച്ചത്. ഗ്ലാന്‍സയുടെ ഉയര്‍ന്ന വകഭേദമാണ് എല്ലാ ജീവനക്കാര്‍ക്കും ലഭിച്ചതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.
ജീവനക്കാരുടെ അധ്വാനം തിരിച്ചറിയുകയും അത് വിലമതിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് 13 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. ഇത് കേവലം ഒരു തുടക്കം മാത്രമാണ്. കമ്പനിക്കുണ്ടാകുന്ന നേട്ടം ജീവനക്കാര്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നാണ് എന്റെ നിലപാട്. തുടര്‍ന്നും ഓരോരുത്തരുടെയും പ്രകടനം വിലയിരുത്തി ഇത്തരം സമ്മാനങ്ങള്‍ നല്‍കാന്‍ കമ്പനി സന്നദ്ധമാണെന്നും ത്രിധ്യ ടെക് സി.ഇ.ഒ. രമേഷ് മാറണ്ട് ഉറപ്പുനല്‍കി.
മാരുതി സുസുക്കി ബലേനൊയുടെ റീ ബാഡ്ജിങ്ങ് പതിപ്പായാണ് ടൊയോട്ട ഗ്ലാന്‍സ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 6.39 ലക്ഷം രൂപ മുതല്‍ 9.69 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 1.2 ലിറ്റര്‍ കെ-സീരീസ് വി.വി.ടി എന്‍ജിനാണ് ഗ്ലാന്‍സയില്‍പ്രവര്‍ത്തിക്കുന്നത്. ഇത് 88 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം നിരത്തുകളില്‍ എത്തുന്നുണ്ട്.
Source: RushLane
Content Highlights: Tridhya Tech a tech solutions company gifts 13 toyota glanza cars to the employees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..