മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ബി-ഹൈ സെഗ്മെന്റ് സെഡാനായ യാരിസിന്റെ ഇന്ത്യയിലെ ബുക്കിങ് ഏപ്രിലില്‍ തുടങ്ങും. മേയ് മാസത്തോടെ ഡെലിവറിയും ആരംഭിക്കും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്‍. രാജ അറിയിച്ചതാണ് ഇക്കാര്യം. കൊച്ചിയില്‍ സംഘടിപ്പിച്ച യാരിസിന്റെ എക്സ്‌ക്ലൂസീവ് പ്രിവ്യുവിനെത്തിയതായിരുന്നു അദ്ദേഹം. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സിയാസ് തുടങ്ങി വിപണിയില്‍ തിളങ്ങിനില്‍ക്കുന്ന സെഡാന്‍ വിഭാഗത്തില്‍ ടൊയോട്ടയുടെ മറുപടിയാണ് യാരിസ്. 

Toyota Yaris

ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആര്‍ട്ടിസിനും ഇടയിലേക്കാണ് യാരിസ് വരുന്നത്. എറ്റിയോസിനെ അപേക്ഷിച്ച് കുറച്ചുകൂടി സൗകര്യങ്ങളും ഫീച്ചറുകളും യാരിസിനുണ്ട്. കാഴ്ചയ്ക്കും ഭംഗിയേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പെട്രോളില്‍ മാത്രമായിരിക്കും യാരിസ് വരുന്നത്. 108 എച്ച്.പി. കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡറാണ് എന്‍ജിന്‍. ബോണസായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സുമുണ്ട്. ഭാവിയില്‍ പെട്രോള്‍ ഹൈബ്രിഡ്  വേര്‍ഷന്‍ കൂടി വരുന്നുണ്ട്. 

Toyota yaris

ഏഴ് എസ്.ആര്‍.എസ്. എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങി ഒട്ടേറെ സുരക്ഷാ ഫീച്ചറുകളോടെയാണ് യാരിസ് എത്തുന്നത്. റൂഫ് മൗണ്ടഡ് എയര്‍ വെന്റുകള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, പവര്‍ ഡ്രൈവര്‍ സീറ്റ് തുടങ്ങിയ പുതുമയാര്‍ന്ന ഫീച്ചറുകളും ഈ സെഗ്മെന്റില്‍ അവതരിപ്പിക്കുന്നുണ്ട്. കര്‍ണാടകത്തിലെ ടൊയോട്ട പ്ലാന്റിലാണ് യാരിസ് പൂര്‍ണമായും നിര്‍മിക്കുന്നത്. വില ഏകദേശം എട്ട് ലക്ഷം മുതല്‍ 13.5 ലക്ഷം വരെയായിരിക്കുമെന്നാണ് കരുതുന്നത്. ഏപ്രിലോടെയേ വില പ്രഖ്യാപിക്കുകയുള്ളൂ. 

Yaris

Content Highlights; Toyota Yaris Sedan Bookings Open In April 2018