ന്ത്യയിലെ മിഡ്-സൈസ് സെഡാന്‍ ശ്രേണിയില്‍ ടൊയോട്ട സാന്നിധ്യമായ യാരിസ് നിരത്തുകളോട് വിടപറയുന്നു. സെപ്റ്റംബര്‍ 27 മുതല്‍ യാരിസിന്റെ നിര്‍മാണം അവസാനിപ്പിക്കുകയാണെന്ന് ടൊയോട്ട അറിയിച്ചു. കമ്പനിയുടെ പുതിയ പ്രൊഡക്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ വാഹനത്തിന്റെ നിര്‍മാണം അവസാനിപ്പിക്കുന്നതെന്നും പുതിയ വാഹനനിര 2022-ല്‍ അവതരിപ്പിക്കുമെന്നാണ് ടൊയോട്ട ഇന്ത്യ അറിയിച്ചിട്ടുള്ളത്. 

യാരിസിന്റെ  ഇന്ത്യയിലെ നിര്‍മാണം അവസാനിപ്പിച്ചെങ്കിലും നിലവിലുള്ള ഉപയോക്താക്കള്‍ക്കായി ആഫ്റ്റര്‍ സെയില്‍ സപ്പോര്‍ട്ടും സര്‍വീസും ടൊയോട്ട ഷോറൂമുകളില്‍ ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, യാരിസ് സെഡാന്റെ പാര്‍ട്‌സുകളും മറ്റും വരുന്ന 10 വര്‍ഷത്തേക്ക് ടൊയോട്ടയുടെ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാക്കുമെന്നും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. പുതിയ മോഡലിനായാണ് ഈ പിന്മാറ്റമെന്നും ടൊയോട്ട അറിയിച്ചു.

ഇന്ത്യയിലെ സെഡാന്‍ ശ്രേണിയിലെ ശ്രദ്ധേയമായ മോഡലായിരുന്നു യാരിസ്. ഏറ്റവും മികച്ച രൂപകല്‍പ്പനയും നവീനമായ സവിശേഷതകളുമായാണ് ടൊയോട്ട യാരിസ് വിപണിയില്‍ എത്തിച്ചത്. കുറഞ്ഞ പരിപാലന ചെലവിലൂടെയും മികച്ച ഡ്രൈവിങ്ങ് അനുഭവം ഉറപ്പാക്കിയും ഈ വാഹനം ഉപയോക്താക്കളെ ആകര്‍ഷിച്ചിട്ടുണ്ടെന്നും ടൊയോട്ട പറഞ്ഞു. ഉപയോക്താക്കളുടെ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പറയുന്നതായും ടൊയോട്ട പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

എന്നാല്‍, ഈ നീക്കം അപ്രതീക്ഷിതമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ടൊയോട്ടയുടെ യാരിസിന് പകരക്കാരനായി മാരുതി സിയാസിന്റെ റീ-ബാഡ്ജിങ്ങ് പതിപ്പ് വിപണിയില്‍ എത്തുമെന്ന് മുമ്പുതന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ടൊയോട്ട ബെല്‍റ്റ് എന്നായിരിക്കും ഈ വാഹനത്തിന്റെ പേര് എന്നും സൂചനകളുണ്ട്. ടൊയോട്ടയുടെ മേല്‍വിലാസത്തിലെത്തുന്ന ഈ സെഡാന്‍ 2022-ഓടെ വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പെട്രോള്‍ എന്‍ജിനില്‍ മാത്രം ടൊയോട്ട വിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനമായിരുന്നു യാരിസ്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡ്യുവല്‍ വി.വി.ടി.ഐ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകിയിരുന്നത്. ഇത് 105 ബി.എച്ച്.പി. പവറും 140 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. സെഗ്മെന്റിലെ മികച്ച ഇന്ധനക്ഷമതയും യാരിസ് ഉറപ്പുനല്‍കിയിട്ടുണ്ട്.

Content Highlights: Toyota Yaris Discontinued In India; New Model To Be Launch In 2022