
-
ടൊയോട്ടയുടെ ആഡംബര എംപിവിയായ വെല്‍ഫയര്‍ ഫെബ്രുവരി 26-നാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍, വിപണിയിലെത്തി രണ്ടുദിവസം കഴിഞ്ഞതോടെ ആദ്യബാച്ചിലെത്തിയ വാഹനങ്ങള്‍ വിറ്റുത്തീര്ന്നിരിക്കുകയാണ്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വെല്‍ഫയര്‍ മാര്‍ച്ച് മാസത്തെ വില്‍പ്പനയ്ക്കായി 60 യൂണിറ്റാണ് ഇന്ത്യയിലെത്തിച്ചത്.
അവതരിപ്പിച്ചതിനെ പിന്നാലെ ബുക്കിങ്ങ് അനുസരിച്ച് ഉപയോക്താക്കള്‍ക്ക് വാഹനം കൈമാറുകയായിരുന്നു. അതോടെ മാര്‍ച്ച് മാസത്തേക്കുള്ള വില്‍പ്പനയ്ക്കെത്തിയ വാഹനങ്ങള്‍ മാര്‍ച്ച് മാസത്തിന് മുമ്പുതന്നെ വിറ്റുത്തീരുകയായിരുന്നു. വെല്‍ഫയറിന്റെ അടുത്ത ബാച്ച് ഏപ്രില്‍ മാസമായിരിക്കും ഇന്ത്യയിലെത്തുക. അടുത്ത ബാച്ചില്‍ കൂടുതല്‍ വാഹനമുണ്ടാകുമെന്നാണ് സൂചന.
79.50 ലക്ഷം രൂപ വിലയുള്ള ഈ ആഡംബര എംപിവി 180 ആളുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഇതില്‍ 20 ശതമാനം ആളുകള്‍ ഹൈദരാബാദില്‍ നിന്നുള്ളവരവാണ്. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഈ വാഹനത്തിന് മികച്ച ബുക്കിങ്ങ് ലഭിക്കുന്നുണ്ട്. മെഴ്സിഡീസ് ബെന്‍സ് വി-ക്ലാസ് മാത്രമാണ് വെല്‍ഫയറിന് ഇന്ത്യയിലുള്ള ഏക എതിരാളി.
എക്സ്ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്ടെയ്ന്മെന്റ് സ്ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.
അല്‍പ്പം സ്പോര്‍ട്ടി ഭാവത്തില്‍ ബോക്സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ഓള് എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ സ്പോര്‍ട്ടിയാക്കുന്നത്.
ബ്ലാക്ക്- വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന് സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ റിച്ചാക്കുന്നത്.
പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വെല്‍ഫയറിലുണ്ടാവുക. 2.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് 87 ബിഎച്ച്പി പവറും 198 എന്‍എം ടോര്‍ക്കുമേകും. ഇതില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് 196 ബിഎച്ച്പി പവറാണ് മൊത്തം എന്ജിന് ഉത്പാദിപ്പിക്കുന്നത്. സിവിടി ട്രാന്സ്മിഷന് വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും.
Content Highlights: Toyota Vellfire Sold Out In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..