ടൊയോട്ട അർബൺ ക്രൂയിസർ | Photo: Global NCAP
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആര്‍ക്കും രണ്ട് അഭിപ്രായമുണ്ടാകാനിടയില്ല. എന്നാല്‍, മാരുതിയുടെ ജനുസില്‍ പിറന്ന് ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ നിരത്തുകളില്‍ എത്തിയ അര്‍ബൻ ക്രൂയിസര്‍ എന്ന വാഹനത്തിന്റെ കരുത്തിലും സുരക്ഷയിലും ആര്‍ക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കില്‍ ഇത് പൂര്‍ണമായും പരിഹരിച്ചിരിക്കുകയാണ് ഈ വാഹനം. ഇടിപരീക്ഷ (ക്രാഷ് ടെസ്റ്റിനെ) കരുത്തോടെ അതിജീവിച്ചാണ് സുരക്ഷിതമാണെന്ന് ഉറപ്പിച്ചിരിക്കുന്നത്.
ഗ്ലോബല്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത വാഹനം ഫോര്‍ സ്റ്റാര്‍ സുരക്ഷ നേടിയാണ് കരുത്തുറപ്പിച്ചിരിക്കുന്നത്. 64 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ ഫ്രണ്ടല്‍ ഓഫ്സെറ്റ് ക്രാഷ് ടെസ്റ്റിലാണ് ഉയര്‍ന്ന റേറ്റിങ്ങ് സ്വന്തമാക്കിയത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 13.52 പോയന്റ് നേടി ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 36.68 പോയന്റുമാണ് നേടിയിട്ടുള്ളത്. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ത്രീ സ്റ്റാര്‍ റേറ്റിങ്ങാണ് അര്‍ബൻ ക്രൂയിസര്‍ നേടിയിട്ടുള്ളത്.
അര്‍ബൻ ക്രൂയിസറിന്റെ കൂടപ്പിറ പ്പെന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് മാരുതിയുടെ ബ്രെസ. ഈ വാഹനവും ക്രാഷ് ടെസ്റ്റില്‍ സമാനമായ നേട്ടമുണ്ടാക്കിയിരുന്നു. 2018-ലാണ് ബ്രെസ ക്രാഷ് ടെസ്റ്റിന് ഇറങ്ങിയത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 12.51 പോയന്റും കുട്ടികളുടെ സുരക്ഷയില്‍ 17.93 ആയിരുന്നു ബ്രെസ കൈവരിച്ചത്. ഈ സെഗ്മെന്റില്‍ ടാറ്റയുടെ നെക്സോണും മഹീന്ദ്രയുടെ എക്സ്.യു.വി.300-മാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയിട്ടുള്ള മോഡലുകള്‍.
ടൊയോട്ട അര്‍ബൻ ക്രൂയിസറിന്റെ അടിസ്ഥാന വകഭേദമാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. 1324 കിലോയാണ് ഈ വാഹനത്തിന്റെ ഭാരം. എന്നാല്‍, സുരക്ഷ ഫീച്ചറുകളായ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, എ.ബി.എസ്. ബ്രേക്കിങ്ങ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ ഈ വാഹനത്തില്‍ ഒരുക്കുന്നുണ്ട്. എന്നാല്‍, സൈഡ് ഇംപാക്ട് പരീക്ഷണം ഈ വാഹനത്തില്‍ നടത്തിയിട്ടില്ലെന്നാണ് സൂചന.
ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ രണ്ടാമതായി നിരത്തുകളിലെത്തിയ വാഹനമാണ് അര്‍ബൻ ക്രൂയിസര്‍. ബ്രെസയുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ടാണ് ഈ കോംപാക്ട് എസ്.യു.വിയുമെത്തിയിരിക്കുന്നത്. ബ്രെസയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനാണ് അര്‍ബണ്‍ ക്രൂയിസറിന്റെയും ഹൃദയം. ഇത് 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ട്രാന്മിഷനുകളും ഇതിലുണ്ട്.
Source: Car and Bike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..