ടൊയോട്ട ഹൈറൈഡർ | Photo: Toyota
ടൊയോട്ട എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരുടെ മനസ്സില്‍ ആദ്യം വരുന്ന പേര് 'ഇന്നോവ'യാണ്, പിന്നെ 'ഫോര്‍ച്യൂണറും'. വിപണിയറിഞ്ഞ് ഇറക്കുന്ന വാഹനങ്ങള്‍ ഹിറ്റാക്കാനുള്ള ടൊയോട്ടയുടെ ശ്രമം ഇതുവരെ വിജയിച്ചിട്ടുണ്ട്. മാരുതി സുസുക്കിയുമായി കൂട്ടുകൂടി മറ്റ് വിഭാഗങ്ങളിലേക്കും പതുക്കെ കാല്‍വെച്ചു നോക്കുന്നുമുണ്ട്. 'അര്‍ബന്‍ ക്രൂയ്സര്‍ ഹൈറൈഡറി'നെ ഇറക്കി, ഹ്യുണ്ടായ് 'ക്രെറ്റ', കിയ 'സെല്‍റ്റോസ്', സ്കോഡ കുഷാക്, ഫോക്സ്വാഗണ് 'ടൈഗുന്‍' എന്നിവരുടെ കളിക്കളമായ ഇടത്തരം എസ്.യു.വി. വിഭാഗത്തില്‍ ഒരു അങ്കത്തിനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ ടൊയോട്ട.
'അര്‍ബന്‍ ക്രൂയ്സര്‍' എന്ന ചെറു എസ്.യു.വി.യുടെ പേരിനൊപ്പം 'ഹൈറൈഡര്‍' എന്നുകൂടി ചേര്‍ത്തുള്ള പുതിയ എസ്.യു.വി.യുടെ പുറത്തിറക്കല്‍ അടുത്തിടെയാണ് കമ്പനി നടത്തിയത്. മാരുതി സുസുക്കിയും ടൊയോട്ടയും ചേര്‍ന്ന് വികസിപ്പിച്ച വാഹനത്തിന്റെ വില പ്രഖ്യാപനം അടുത്ത മാസമുണ്ടാകും.
ഇമ്മിണി ബല്യ എസ്.യു.വി.
വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഫുള്‍ ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് പതിപ്പുകളിലായിരിക്കും 'അര്‍ബന്‍ ക്രൂയ്സര്‍ ഹൈറൈഡര്‍' വരുന്നത്. ചെറുതെങ്കിലും വലിയ എസ്.യു.വി.കളുടെ രൂപമാണ് 'ഹൈറൈഡറി'ന് നല്‍കിയത്. എതിരാളികളോട് അതുകൊണ്ടുതന്നെ മുട്ടി നില്ക്കും. പിയാനോ ഫിനിഷിലുള്ള ഗ്രില്ലിനോടു ചേര്‍ന്നു നില്ക്കുന്ന ഡബിള്‍ ലെയര്‍ ഡേ ടൈം റണ്ണിങ് ലാംപുകള്‍, മുന്‍ ബംബറിലെ വലിയ എയര്‍ഡാം എന്നിവയാണ് ഈ ബോള്‍ഡ് ലുക്കിന് കാരണം.

പിന്നിലുള്ളത് 'സി' ആകൃതിയിലുള്ള ടെയില്‍ ലാംപാണ്. മാരുതിയും ടൊയോട്ടയും ചേര്‍ന്ന് മുന്‍പ് ഇറക്കിയ വാഹനങ്ങളുടേതിനു സമാനമാണ് ഇന്റീരിയര്‍. ലെതര്‍ ഇന്‍സേര്‍ട്ടുകളോടു കൂടിയ ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ഡോറുകളില്‍ ഡോര്‍പാഡുകളും സോഫ്റ്റ് ടച്ചിങ് മെറ്റീരിയലും നല്കിയിരിക്കുന്നു. ഫുള്‍ ഹൈബ്രിഡിന് ഡ്യുവല്‍ ടോണും മൈല്‍ഡ് ഹൈബ്രിഡിന് ബ്ലാക്ക് തീമിലുള്ള ഇന്റീരിയറുമാണ്.
ഹൈബ്രിഡാണ് ഹൈബ്രിഡ്
ഹൈബ്രിഡ് വാഹനങ്ങളുടെ ടൊയോട്ടത്തികവാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഫുള്‍ അല്ലെങ്കില്‍ സ്ട്രോങ് ഹൈബ്രിഡ് എന്‍ജിനുമായി എത്തുന്ന ആദ്യ ഇടത്തരം എസ്.യു.വി.യാണിത്. രാജ്യാന്തര വിപണിയിലുള്ള യാരിസ് 'ഹാച്ച്ബാക്ക്', യാരിസ് 'ക്രോസ് ഓവര്‍' എന്നിവയില്‍ ഉപയോഗിക്കുന്ന നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് സാങ്കേതികതയാണിതില്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റ്കിസണ്‍ സൈക്കിള്‍ എന്‍ജിനാണ് ഹൈറൈഡറില്‍.

92 ബി.എച്ച്.പി. കരുത്തും 122 എന്‍.എം. ടോര്‍ക്കുമുണ്ട് ഈ എന്ജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് 79 എച്ച്.പി.യും ടോര്‍ക്ക് 141 എന്‍.എമ്മും ആണ്. 177.6 വാട്ടിന്റെ ലിഥിയം അയണ്‍ ബാറ്ററിയിലാണ് കരുത്ത് സൂക്ഷിക്കുന്നത്. ഇലക്ട്രിക് മോഡില്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 24 മുതല്‍ 25 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഹനം നല്‍കുമെന്നാണ് ടൊയോട്ട പറയുന്നത്. മാരുതി സുസുക്കിയുടെ 1.5 ലിറ്റര്‍ ഹൈബ്രിഡ് എന്‍ജിനാണ് മൈല്‍ഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. പുതിയ 'ബ്രെസ്സ', 'എക്സ്.എല്‍. 6', 'എര്‍ട്ടിഗ' തുടങ്ങിയ വാഹനത്തില്‍ ഇതേ എന്ജിന് തന്നെയാണ് ഉപയോഗിക്കുന്നത്.
103 എച്ച്.പി. കരുത്തും 137 എന്‍.എം. ടോര്‍ക്കുമുണ്ട് ഈ എന്ജിന്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുണ്ട്. പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ് അപ് ഡിസ്പ്ലേ, കണക്ടര് കാര്‍ ടെക്ക് എന്നിവയെല്ലാം ഹൈറൈഡറിലും നല്‍കിയിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..