പ്രതീകാത്മക ചിത്രം | Photo: Toyota.Global
ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ മാരുതിയുടെയും ടൊയോട്ടയുടെയും പ്രതിനിധിയാകുന്ന പുതിയ വാഹനം ജൂലൈ ഒന്നിന് അവതരിപ്പിക്കും. ഡി22 എന്ന കോഡ്നെയിമില്‍ ടൊയോട്ട നിര്‍മിക്കുന്ന മോഡലായിരിക്കും ആദ്യം പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെ മാരുതി പതിപ്പ് വൈ.എഫ്.ജിയും എത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ ഒന്നിന് വിപണിയില്‍ അവതരിപ്പിക്കുന്ന ഈ വാഹനം ഉത്സവ സീസണിന് മുന്നോടിയായി ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഹൈറൈഡര്‍ എന്ന പേരിന് ടൊയോട്ട അടുത്തിടെ ട്രേഡ്മാര്‍ക്ക് സ്വന്തമാക്കിയിരുന്നു. വരാനിരിക്കുന്ന മിഡ്-സൈസ് എസ്.യു.വിക്കായാണ് ഈ പേര് തിരഞ്ഞെടുത്തിട്ടുള്ളതെന്നാണ് അഭ്യൂഹങ്ങള്‍. ടൊയോട്ട കിര്‍ലോസ്കറിന്റെ ബെംഗളൂരു ബിദഡിയിലെ പ്ലാന്റിലായിരിക്കും ഈ വാഹനം നിര്‍മിക്കുകയെന്നാണ് വിവരം. ഈ വാഹനത്തിന്റെ മാരുതി പതിപ്പും ഈ പ്ലാന്റിലാണ് ഒരുങ്ങുന്നത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴിയായിരിക്കും മാരുതി ഈ വാഹനം വിപണിയില്‍ എത്തിക്കുന്നത്.
ആഗോള വിപണിയില്‍ ടൊയോട്ടയുടെ നിരവധി മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ടി.എന്‍.ജി.എ അല്ലെങ്കില്‍ ഡി.എന്‍.ജി.എ. പ്ലാറ്റ്ഫോമിലായിരിക്കും ഹൈറൈഡറും ഒരുങ്ങുക. സുസുക്കി-ടൊയോട്ട സഹകരണത്തിലായിരിക്കും ഈ വാഹനത്തിന്റെ ഡിസൈന്‍, എന്‍ജിനീയറിങ്ങ് തുടങ്ങിയ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുക. ഉയര്‍ന്ന വകഭേദങ്ങളില്‍ ഫുള്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയും താഴ്ന്ന പതിപ്പുകളില്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും നല്‍കിയായിരിക്കും ഈ വാഹനം എത്തിക്കുക.
രാജ്യാന്തര വിപണിയില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള കൊറോള ക്രോസിന് സമാനമായ ഡിസൈനിലായിരിക്കും ഈ മിഡ് സൈസ് എസ്.യു.വി. എത്തുകയെന്നാണ് വിവരം. ടൊയോട്ടയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്.എല്‍, ഹണികോംമ്പ് മാതൃകയിലുള്ള എയര്‍ഡാം, വലിയ വീല്‍ ആര്‍ച്ച് തുടങ്ങിയവ നല്‍കിയായിരിക്കും ഈ വാഹനം ഡിസൈന്‍ ചെയ്യുക. എതിരാളികളോട് മത്സരിക്കുന്നതിനായി നിരവധി ആഡംബര സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള അകത്തളവും ഇതില്‍ ഒരുങ്ങും.
മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച സൂചനകള്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടില്ലെങ്കിലും രണ്ട് ഹൈബ്രിഡ് സംവിധാനങ്ങള്‍ക്കൊപ്പം രണ്ട് കരുത്തുകളിലെ പെട്രോള്‍ എന്‍ജിനിലും ഈ വാഹനം എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഹ്യുണ്ടായി ക്രെറ്റ്, കിയ സെല്‍റ്റോസ്, എം.ജി. ഹെക്ടര്‍, ഫോക്സ്വാഗണ് ടൈഗൂണ്‍, സ്കോഡ കുഷാക്ക് തുടങ്ങിയവ വലിയ വാഹന നിരയുമായായിരിക്കും ടൊയോട്ടയുടെ ഈ മിഡ്-സൈസ് എസ്.യു.വി. മത്സരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..