മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയിക്ക് പിന്നാലെ കോംപാക്ട് എസ്‌യുവിയായി വിത്താര ബ്രെസയും ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ ടൊയോട്ട ബ്രെസ നിരത്തിലെത്തുമെന്നാണ് സൂചന.

മെക്കാനിക്കലായി മാറ്റം വരുത്താതെ ഡിസൈനില്‍ കാര്യമായ മാറ്റത്തോടെയായിരിക്കും ടൊയോട്ടയുടെ ബ്രെസ നിരത്തിലെത്തുന്നത്. ഈ വാഹനം 2019-ല്‍ തന്നെ നിരത്തിലെത്തുമെന്നാണ് അറിയിച്ചതെങ്കിലും ഈ വര്‍ഷം ബലേനൊ മാത്രമായിരിക്കും എത്തുകയെന്നാണ് വിവരം. 

ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് മാരുതിയുടെ ബ്രെസ് എത്തുന്നതെങ്കില്‍ ടൊയോട്ട പെട്രോള്‍ എന്‍ജിനിലായിരിക്കും ബ്രെസ് പുറത്തിറക്കുക. അതേസമയം, മാരുതിയുടെ നിന്നും ടൊയോട്ട ഏറ്റെടുക്കുന്ന ഈ രണ്ട് മോഡലുകള്‍ക്കും ബിഎസ്-6 എന്‍ജിന്‍ നല്‍കുന്നുണ്ട്.

1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനിലോ, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനിലോ ആയിരിക്കും ഈ വാഹനം എത്തുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് മാരുതി ബ്രെസ നിരത്തിലെത്തിക്കുന്നത്. വൈകാതെ ബ്രെസയ്ക്ക് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുമെന്നും സൂചനയുണ്ട്.

പ്രധാനമായും ഇലക്ട്രിക്-ഹൈബ്രിഡ് കാറുകള്‍ക്കായുണ്ടാക്കിയ കൂട്ടുകെട്ട് ഇപ്പോള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുകയാണ്. മാരുതിയുടെ ടോപ്പ് സെല്ലിംങ് മോഡലുകള്‍ ടൊയോട്ടയുടെ ബാഡ്ജിങ്ങിലെത്താക്കാനാണ് ഇരുകമ്പനികളുടെയും തീരുമാനം.

Content Highlights: Toyota’s Vitara Brezza SUV Launch Likely In Early 2020