ന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഇതുവരെ സാന്നിധ്യമറിയിച്ചിട്ടില്ലാത്ത വാഹന നിര്‍മാതാക്കളാണ് ടൊയോട്ട. ഈ അപവാദം അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണിവര്‍. വിദേശ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള റഷ് എന്ന എസ്‌യുവിയെ 2020-ഓടെ ഇന്ത്യയിലുമെത്തിക്കും.

റഷിന്റെ ഇന്ത്യന്‍ വരവ് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ മുമ്പും ഉയര്‍ന്നിരുന്നെങ്കിലും 2020 ഫെബ്രുവരിയില്‍ ഈ വാഹനം എത്തുമെന്നാണ് ഇന്ത്യയിലെ ഓട്ടോമൊബൈല്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വിദേശ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള റഷ് ഏഴ് സീറ്റര്‍ ആണെങ്കിലും ഇന്ത്യയിലെത്തുമ്പോള്‍ ഇത് അഞ്ച് സീറ്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് സീറ്റ് ശ്രേണിയില്‍ ഇന്നോവ ക്രിസ്റ്റ ഉള്ളതിനാലാണ് റഷ് അഞ്ച് സീറ്റിലേക്ക് ചുരുങ്ങുന്നത്.

Rush

മുഖഭാവത്തില്‍ ഫോര്‍ച്യുണറുമായും വശങ്ങളിലെ ലുക്കില്‍ ക്രിസ്റ്റയുമായി സാമ്യമുള്ള വാഹനമാണ് ടൊയോട്ടയുടെ റഷ്. ക്രോമിയം ഫിനീഷിലുള്ള ഹോറിസോണ്ടല്‍ സ്ലാറ്റ് ഗ്രില്ല്, നേര്‍ത്ത ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ബ്ലാക്ക് ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തിന് മാറ്റുകുട്ടുന്നത്. 

വീല്‍ ആര്‍ച്ചുകളെയും മുന്നിലെയും പിന്നിലെയും ബമ്പറുകളെയും ബന്ധിപ്പിച്ച വാഹനത്തിന് ചുറ്റും ക്ലാഡിങ്ങിന്റെ സാന്നിധ്യവും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. വീതി കുറഞ്ഞ ടെയില്‍ലാമ്പും പുതുമയുള്ള ടെയില്‍ഗേറ്റുമാണ് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. 

കീലെസ് എന്‍ട്രി, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, വെബ് ലിങ്ക്, യു.എസ്.ബി. കണക്ടിവിറ്റിയോടെയുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍. ആറ് എയര്‍ബാഗുകള്‍, എബിഎസ്. ഇബിഡി ബ്രേക്കിങ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ റഷില്‍ സുരക്ഷയൊരുക്കും.

Rush

1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും റഷ് എത്തുക. 104 ബി.എച്ച്.പി. കരുത്തും 140 എന്‍.എം. ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമുണ്ട്. 

10 ലക്ഷം മുതല്‍ 14 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന റഷിന് ഇന്ത്യയിലെ കോംപാക്ട് എസ്‌യുവികളിലെ താരങ്ങളായ ഹ്യുണ്ടായി ക്രെറ്റ, റെനോ ക്യാപ്ചര്‍ എന്നിവയ്ക്കായിരിക്കും എതിരാളികള്‍.

Content Highlights: Toyota Rush Reportedly Launching In India By 2020