ന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ ജനപ്രിയ മോഡലുകളായ ബലേനൊ, ബ്രെസ എന്നീ മോഡലുകള്‍ ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിച്ച് നിരത്തുകളില്‍ സജീവമാണ്. ഈ വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിച്ച് കഴിഞ്ഞു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാരുതിയുടെ എം.പി.വി. മോഡലായ എര്‍ട്ടിഗയും ടൊയോട്ടയുടെ മേലങ്കി അണിയാന്‍ ഒരുങ്ങുകയാണ്. ഈ ഓഗസ്റ്റ് മാസത്തോടെ എര്‍ട്ടിഗ ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിക്കുമെന്നാണ് സൂചന.

പുതിയ പേരിലായിരിക്കും എര്‍ട്ടിഗയുടെ ടൊയോട്ട പതിപ്പ് നിരത്തുകളില്‍ എത്തുകയെന്നാണ് സൂചന. ടൊയോട്ടയുടെ പോപ്പുലര്‍ എം.പി.വി. മോഡലായ ഇന്നോവ ക്രിസ്റ്റയുടെ താഴെയായിരിക്കും എര്‍ട്ടിഗയുടെ സ്ഥാനമെന്നാണ് വിവരം. ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിക്കുന്നതോടെ അല്‍പ്പം ഡിസൈന്‍ മാറ്റങ്ങള്‍ എര്‍ട്ടിഗയില്‍ വരുത്തിയേക്കും. മറ്റ് രണ്ട് റീ ബാഡ്ജിങ്ങ് വാഹനങ്ങളിലും വരുത്തിയിട്ടുള്ളതിന് സമാനമായി പുതിയ ഗ്രില്ല് ആയിരിക്കും ഡിസൈന്‍ മാറ്റത്തില്‍ പ്രധാനം.

മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ എര്‍ട്ടിഗയിലേത് തുടരാനാണ് ടൊയോട്ടയുടെ പദ്ധതി. 1.5 ലിറ്റര്‍ കെ15ബി മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് എര്‍ട്ടിഗയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 104.7 പി.എസ്.പവറും 138 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളാണ് എര്‍ട്ടിഗയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. റീ ബാഡ്ജിങ്ങ് പതിപ്പിലും ഇതുതന്നെ തുടരും.

2019-ലാണ് മാരുതിയുടെ ജനപ്രീയ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ബൊലേനൊ ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ ഗ്ലാന്‍സയായി നിരത്തുകളില്‍ എത്തിയത്. 2020-ല്‍ മാരുതിയുടെ കോംപാക്ട് എസ്.യു.വി. മോഡലായ വിത്താര ബ്രെസ ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍ എന്ന പേരില്‍ വിപണിയില്‍ എത്തിയിരുന്നു. എര്‍ട്ടിഗയുടെ റീ-ബാഡ്ജിങ്ങ് പതിപ്പ് മാരുതി-ടൊയോട്ട കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ മോഡലായിരിക്കും. സിയാസും ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിക്കുമെന്ന സൂചനയുണ്ട്.

Source: GaadiWaadi

Content Highlights: Toyota Planning To Launch Rebadged Ertiga MPV In India