ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയും മസ്ദയും വാഹനഘടക നിര്‍മാതാക്കളായ ഡെന്‍സോയും ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. വരും വര്‍ഷങ്ങളില്‍ ഈ രംഗത്തുണ്ടാകുന്ന ഉയര്‍ന്ന സാധ്യതകളാണ് ബാറ്ററി അധിഷ്ഠിത കാറുകള്‍ക്കായി സംയുകസംരംഭം തുടങ്ങാന്‍ ടൊയോട്ടയെ പ്രേരിപ്പിക്കുന്നത്. 

പുതിയ സംരംഭത്തിലെ 90 ശതമാനം ഓഹരികള്‍ ടൊയോട്ടയുടെതായിരിക്കും. ടൊയോട്ടയുടെ ഏറ്റവും വലിയ വിതരണക്കാരായ മസ്ദയ്ക്കും ഡെന്‍സോയ്ക്കും അഞ്ചു ശതമാനം വീതമായിരിക്കും ഓഹരി പങ്കാളിത്തം. 

പുതിയ സംരംഭത്തിലൂടെ കാറുകള്‍ കൂടാതെ എസ്.യു.വികള്‍. ട്രക്കുകള്‍, ചെറു വാഹനങ്ങള്‍ എന്നിവയുടെ വൈദ്യുതീകരണത്തിനാവശ്യമായ സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുമെന്ന് ടൊയോട്ട അറിയിച്ചു. അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറാന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറെടുക്കുന്നതിനെ തുടര്‍ന്നാണിത്. 

ടൊയോട്ട പ്രിസഡന്റ് അകിയോ ടൊയോഡയുടെ നേതൃത്വത്തില്‍ ഇലക്ട്രിക് കാറുകള്‍ക്കായി കഴിഞ്ഞ വര്‍ഷം പ്രത്യേക ഡിവിഷന്‍ തന്നെ രൂപവത്കരിച്ചിരുന്നു. സ്വന്തമായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നത് വെല്ലുവിളിയാണെങ്കിലും 2020-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു മസ്ദയും.