പ്രതീകാത്മക ചിത്രം | Photo: Toyota
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയില്‍ തലമുറ മാറ്റമുണ്ടായതിന് പിന്നാലെ ഈ വാഹനത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ടൊയോട്ടയുടെ ഹാച്ച്ബാക്കായ ഗ്ലാന്‍സയും പുതുമകളോടെ എത്തുകയാണ്. മാര്‍ച്ച് 15-ന് അവതരണത്തിന് ഒരുങ്ങുന്ന ഈ വാഹനത്തിന്റെ ബുക്കിങ്ങ് ടൊയോട്ടയുടെ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്.
ബലേനോയില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് സമാനമായി ഏറെ പുതുമകളുമായായിരിക്കും പുതുതലമുറ ഗ്ലാന്‍സയും എത്തുകയെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് പുതിയ ഗ്ലാന്‍സ എത്തുന്നത് സംബന്ധിച്ച സൂചന ടൊയോട്ട പുറത്തുവിട്ടത്. ഡിസൈന്‍ മാറ്റത്തിനൊപ്പം കണക്ടിവിറ്റി സംവിധാനം ഉള്‍പ്പെടെയുള്ള ഫീച്ചറുകളുമായാണ് ഗ്ലാന്‍സയുടെ പുതുതലമുറ നിരത്തുകളില്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. വില ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് 15-ന് നടക്കുക.
ബലേനോയിലേത് പോലെ മുന്‍ മോഡലിന്റെ രൂപം നിലനിര്‍ത്തി ഡിസൈനില്‍ പുതുമകളുമായായിരിക്കും ഗ്ലാന്‍സയുടെ വരവ്. ക്രോമിയം സ്ട്രിപ്പുകളുമായി എത്തുന്ന പുതുമയുള്ള ഗ്രില്ല്, കൂടുതല്‍ സ്റ്റൈലിഷായ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, ഹണി കോംമ്പ് ഡിസൈനിലുള്ള വലിയ എയര്‍ഡാം, എല്‍.ഇ.ഡി. ഫോഗ്‌ലാമ്പ്, ക്രോമിയം അലങ്കാരങ്ങള്‍ നല്‍കിയിട്ടുള്ളതും ഇരട്ട നിറത്തില്‍ തീര്‍ത്തതുമായ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്.
ബലേനോയുടെ അകത്തളത്തില്‍ നല്‍കിയിട്ടുള്ള സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ ഗ്ലാന്‍സയിലും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് ബലേനോയിലെ ഏറ്റവും മികച്ച ഫീച്ചറുകള്‍. ഇതിനൊപ്പം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഗ്ലാന്‍സയില്‍ ഒരുങ്ങും. ആറ് എയര്‍ബാഗ് ഉള്‍പ്പെടെയുള്ള സുരക്ഷ ഫീച്ചറുകളും ഗ്ലാന്‍സയില്‍ ഒരുങ്ങും.
1.2 ലിറ്റര്‍ കെ-സീരീസ് എന്‍ജിനായിരിക്കും ഗ്ലാന്‍സയുടെ ഹൃദയം. ഇത് 90 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനമെത്തും. മൂന്ന് വര്‍ഷവും 1,00,000 കിലോമീറ്ററുമാണ് ഈ വാഹനത്തിന് ഒരുക്കുന്ന വാറണ്ടി. അതേസമയം, എക്‌സ്‌ടെന്റഡ് വാറണ്ടി പാക്കേജിലൂടെ അഞ്ച് വര്‍ഷം വരെയും 2,20,000 കിലോമീറ്റര്‍ വരെയും ഇത് ഉയര്‍ത്താനുള്ള സാഹചര്യവും ടൊയോട്ട ഒരുക്കുന്നുണ്ട്.
Content Highlights: Toyota open bookinf for new generation Glanza, Toyota Glanza hatchback, New Gen Glanza
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..