കൊറോണ മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ ഇന്ത്യയിലെ വാഹനവിപണിയെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. ലോക്ക്ഡൗണില്‍ ഡീലര്‍ഷിപ്പുകളും ഷോറൂമുകളും അടഞ്ഞിരുന്നതിനാല്‍ തന്നെ ഏപ്രില്‍ മാസത്തില്‍ ടൊയോട്ടയുടെ ഒരു വാഹനം പോലും നിരത്തിലെത്തിയിട്ടില്ലെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് അറിയിച്ചു. 

മാര്‍ച്ച് മാസത്തിന്റെ അവസാനമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ മാര്‍ച്ചിലെ വില്‍പ്പനയെ ഇത് കാര്യമായി ബധിച്ചിരുന്നില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുന്നതിനായി ഡീലര്‍ഷിപ്പുകള്‍ അടച്ചതോടെ ബുക്കിങ്ങ് സ്വീകരിച്ച് ഡെലിവറിക്കൊരുങ്ങിയ വാഹങ്ങളുടെ പോലും വില്‍പ്പന തടസപ്പെട്ടിട്ടുണ്ട്.

കൊറോണ എന്ന മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് ലോക്ക്ഡൗണ്‍ അനിവാര്യമായിരുന്നു. എന്നാല്‍, അതിന്റെ പരിണിതഫലം സാമ്പത്തിക മേഖലയിലുള്‍പ്പെടെ പല തലത്തിലാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

വാഹന മേഖലയിലെ പൂര്‍വ്വ സ്ഥിതി വീണ്ടെടുക്കുന്നതിനായി ഡീലര്‍മാര്‍ക്ക് പരമാവധി പിന്തുണ നല്‍കുന്നതിനൊപ്പം മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാഹചര്യവുമൊരുക്കും. ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വിതരണം കാര്യക്ഷമമാക്കുന്നതിനും ടൊയോട്ട റീസ്റ്റാര്‍ട്ട് മാനുവല്‍ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 

വില്‍പ്പന പുനരാരംഭിക്കുന്നതിനായി ടൊയോട്ട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതുവഴി വാഹനങ്ങളുടെ ഫീച്ചറുകളും മറ്റും ലഭ്യമാകുകയും 360 ഡിഗ്രി പ്രൊഡക്ട് വ്യു നല്‍കുകയും ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേന വാഹനത്തിന്റെ ബുക്കിങ്ങ് മുതല്‍ ഫിനാന്‍സ് സൗകര്യം വരെ ഒരുക്കുമെന്നും ടൊയോട്ട ഉറപ്പുനല്‍കി.

Content Highlights: Toyota Motors Report Zero Unit Sale In The Month April