ടൊയോട്ട മിറായി | Photo: Pressroom.toyota.com
ഒറ്റത്തവണ ടാങ്ക് നിറയ്ക്കുക, ആ ഇന്ധനം ഉപയോഗിച്ച് 1360 കിലോമീറ്റര്‍ ദൂരം ഓടുക. കേള്‍ക്കുമ്പോള്‍ അതിശയമായി തോന്നിയേക്കാം. എന്നാല്‍ വാസ്തവമാണ്. അതുകൊണ്ടാണ് ഈ നേട്ടത്തെ തേടി ഗിന്നസ് റെക്കോഡ് എത്തിയത്. ഇനി വാഹനം ഏതാണെന്ന് അറിയണ്ടേ, ടൊയോട്ടയുടെ 2021 മോഡല്‍ മിറായി ആണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ വാഹനം. അമേരിക്കയിലെ സൗത്ത് കാലിഫോര്‍ണിയയിലാണ് ഒറ്റത്തവണ ഇന്ധനം നിറച്ച് മിറായി 1360 കിലോമീറ്റര്‍ റൗണ്ട് ട്രിപ്പ് പൂര്‍ത്തിയാക്കിയത്.
ഈ വാഹനം പെട്രോളോ ഡീസലിലോ ഓടുന്നതാണെന്ന് തെറ്റിധരിക്കാന്‍ വരട്ടെ, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമാണ് അദ്ഭുതകരമായ പ്രകടനം കാഴ്ച്ചവെച്ചത്. അഞ്ച് മിനിറ്റ് ഇന്ധനം നിറച്ച ശേഷം വാഹനത്തിലെ ഇന്ധന ടാങ്ക് സീല്‍ ചെയ്തായിരുന്നു യാത്ര ആരംഭിച്ചത്. പ്രഫഷണല്‍ ഹൈപ്പര്‍മില്ലര്‍മാരായ വെയ്ന്‍ ഗെര്‍ഡസും സഹഡ്രൈവറായ ബോബ് വിങ്ങറുമാണ് ടൊയോട്ട മിറായിയുടെ ഫ്യുവല്‍ സെല്‍ മോഡലമായി പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരുന്നത്.

ടൊയോട്ടയുടെ ഫ്യുവല്‍ സെല്‍ ഡെവലപ്പ്‌മെന്റ് ഗ്രൂപ്പ് ആസ്ഥാനം കൂടിയായ കാലിഫോര്‍ണിയയിലെ ഗാര്‍ഡെന ടെക്‌നിക്കല്‍ സെന്ററില്‍ നിന്ന് ഓഗസ്റ്റ് 23-നാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരീക്ഷണയോട്ടം ആരംഭിച്ചത്. ആദ്യ ദിനം ഹൈവേകളിലൂടെ 761 കിലോമീറ്ററാണ് സഞ്ചാരം പൂര്‍ത്തിയാക്കിയത്. രണ്ടാം ദിനം ഗ്രാമപാതകളിലും തിരക്കുള്ള റോഡുകളിലുമായി 600 കിലോമീറ്ററും സഞ്ചരിച്ചു. രണ്ട് ദിവസങ്ങളിലായി 1360 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയെന്നാണ് ടൊയോട്ട അറിയിച്ചത്.
വാഹനത്തിന്റെ ഇന്ധനക്ഷമത പരീക്ഷിക്കാനുള്ള ഈ യാത്രയില്‍ 5.65 കിലോഗ്രാം ഹൈഡ്രജനാണ് ഉപയോഗിച്ചത്. ഇത്രയും കിലോമീറ്റര്‍ യാത്രയില്‍ കാര്‍ബണ്‍ എമിഷന്‍ ഒട്ടുമുണ്ടായിട്ടില്ലെന്നും ടൊയോട്ട അറിയിച്ചു. 152 എം.പി.ജി.ഇ. വെള്ളം മാത്രമാണ് എമിഷനായി പുറംതള്ളിയത്. പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന വാഹനം ഇത്രയും കിലോമീറ്റര്‍ സഞ്ചരിക്കുന്നതിലൂടെ 300 കിലോഗ്രാം കാര്‍ബണ്‍ ആണ് പുറംതള്ളുന്നതെന്നാണ് റിപ്പോര്‍ട്ട്. 12 ഹൈഡ്രജന്‍ ഫില്ലിങ്ങ് സ്റ്റേഷനുകള്‍ ഈ റൂട്ടില്‍ ഉണ്ടായിരുന്നത്.

നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി വില്‍പ്പനയ്ക്ക് എത്തിയ ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ വാഹനമായിരുന്നു ടൊയോട്ട മിറായി. 2016-ലാണ് ഈ വാഹനം വിപണിയില്‍ എത്തിയത്. ഇപ്പോള്‍ പുതുതലമുറ മോഡല്‍ റെക്കോഡുകള്‍ ഭേദിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണെന്നും ഇത് നിര്‍മാതാക്കളായ ഞങ്ങള്‍ക്ക് ഏറെ അഭിമാനം പകരുന്ന നേട്ടമാണെന്ന് ടൊയോട്ട മോട്ടോര്‍ നോര്‍ത്ത് അമേരിക്കന്‍ മേധാവിയായ ബോബ് കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടു.
Content Highlights: Toyota Mirai Sets Guinness World Records Title with 1360 KM Zero Emission Journey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..