കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുകയെന്ന ജപ്പാന്റെ പ്രതിജ്ഞയ്ക്ക് പിന്തുണയൊരുക്കി ടൊയോട്ടയുടെ ഫ്യുവല്‍ സെല്‍ കാറായ മിറായിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ആദ്യ തലമുറയിലെ മോഡലിനെക്കാള്‍ 30 ശതമാനം അധിക റേഞ്ച് ഉറപ്പുനല്‍കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഒറ്റത്തവണ നിറച്ചാല്‍ 800 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.
ടൊയോട്ടയുടെ മാതൃരാജ്യമായ ജപ്പാനിലാണ് വാഹനം എത്തിയിട്ടുള്ളത്. എന്നാല്‍, കൂടുതല്‍ രാജ്യങ്ങളിലേക്ക് ഈ വാഹനം എത്തിക്കുന്നതും നിര്‍മാതാക്കളുടെ പരിഗണനയിലുണ്ട്. ഇലക്ട്രിക്, ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ക്ക് ജാപ്പനീസ് സര്‍ക്കാര്‍ പരമാവധി പ്രോത്സാഹനം നല്‍കുന്നുണ്ട്. എന്നാല്‍ പോലും ഹൈഡ്രജന്‍ പമ്പുകളുടെ അഭാവം ഈ വാഹനത്തിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
2019-ലെ ടോക്യോ മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ മിറായ് പ്രദര്‍ശനത്തിനെത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി പുറത്തിറക്കിയ ഈ വാഹനത്തിന് 48,000 ഡോളാണ് വില. അതേസമയം, ഇലക്ട്രിക്, ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വാഹനത്തിന് ജാപ്പനീസ് സര്‍ക്കാര്‍ 10,000-ത്തില്‍ അധികം ഡോളറിന്റെ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്.
2015-ലാണ് ടൊയോട്ട മിറായിയുടെ ആദ്യ തലമുറ മോഡല്‍ അവതരിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ 11,000 യൂണിറ്റാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനാണ് ടൊയോട്ടയുടെ പദ്ധതി. ബസും, ട്രക്കും ഉള്‍പ്പെടെ പ്രതിവര്‍ഷം 30,000 വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
മോഡുലാര്‍ TNGA പ്ലാറ്റ്ഫോമിലാണ് മിറായ് ഒരുങ്ങിയിരിക്കുന്നത്. സ്വപ്റ്റ്ബാക്ക് ഹെഡ്ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായ റൂഫ് എന്നിവ പുതിയ മിറായിലുണ്ട്. മുന്‍മോഡലിനെക്കാള്‍ വലുപ്പക്കാരനാണ് പുതുതലമുറ മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.
ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഹെഡ് യൂണിറ്റ് എന്നിവയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയെ അപേക്ഷിച്ച് ഫ്യുവല്‍ സെല്‍ വാഹനങ്ങളുടെ വില്‍പ്പന ബഹുദൂരം പിന്നിലാണ്. കഴിഞ്ഞ വര്‍ഷം 21 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ടൊയോട്ട വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Toyota Launches Hydrogen Power New Mirai With 30 Percent Extra Range