കോംപാക്ട് എസ്.യു.വി. എന്ന ഒരു വാഹനശ്രേണി ഇന്ത്യയില്‍ സജീവമായിട്ട് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാകുകയാണ്. കോംപാക്ട് എസ്.യു.വി. ശ്രേണിയുടെ സ്വീകാര്യത കണക്കിലെടുത്ത് വാഹന നിര്‍മാതാക്കള്‍ മിനി എസ്.യു.വി. എന്ന പുതിയ ഒരു വിഭാഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മഹീന്ദ്ര, മാരുതി തുടങ്ങിയ കമ്പനികള്‍ ഈ ശ്രേണിയില്‍ ആദ്യം വാഹനമെത്തിച്ചവരാണ്. പഞ്ച് വാഹനത്തിന്റെ വരവോടെ ടാറ്റ മോട്ടോഴ്‌സും മിനി എസ്.യു.വി. ശ്രേണിയിലെ സാന്നിധ്യമായിരിക്കുകയാണ്.

പറഞ്ഞുവരുന്നത് പഞ്ചിനെ കുറിച്ചല്ല, ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട കഴിഞ്ഞ ദിവസം യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു വാഹനത്തെ കുറിച്ചാണ്. അയ്‌ഗോ എക്‌സ് എന്നാണ് ഈ വാഹനത്തിന്റെ പേര്. വാഹനത്തിന്റെ രൂപവും വലിപ്പവും വെച്ച് മുമ്പ് പറഞ്ഞ മിനി എസ്.യു.വി. ശ്രേണിയില്‍ ചേര്‍ക്കാന്‍ പറ്റിയ വാഹനമാണ് ടൊയോട്ടയുടെ അയ്‌ഗോ എക്‌സ്. ഇന്ത്യയില്‍ ഈ വാഹനം എത്തിയാല്‍ പഞ്ചിന് ഒത്ത എതിരാളി ആയിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. 

യൂറോപ്യന്‍ വിപണിയില്‍ ക്രോസ്ഓവര്‍ സെഗ്മെന്റിലാണ് അയ്‌ഗോ എക്‌സ് എത്തിയിട്ടുള്ളത്. ടൊയോട്ട വിദേശ വിപണിയില്‍ എത്തിച്ചിട്ടുള്ള യാരിസ്, യാരിസ് ക്രോസ് എന്നീ രണ്ട് മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ജി.എ.-ബി പ്ലാറ്റ്‌ഫോമില്‍ ടൊയോട്ട ഗ്ലോബല്‍ ന്യൂ ആര്‍ക്കിടെക്ചറിലാണ് അയ്‌ഗോ എക്‌സും ഒരുങ്ങിയിട്ടുള്ളത്. 3700 എം.എം. നീളവും 1740 എം.എം. വീതിയും 1510 എം.എം. ഉയരത്തിലുമാണ് അയോഗോ എക്‌സ് ഒരുങ്ങിയിട്ടുള്ളത്. 3827 എം.എം. ആണ് ടാറ്റ പഞ്ചിന്റെ നീളം. 

Toyota Aygo X
ടൊയോട്ട അയ്‌ഗോ | Photo: Toyota UK

ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് അയ്‌ഗോ എക്‌സ് ഒരുങ്ങിയിട്ടുള്ളത്. ഗ്രീന്‍, റെഡ്, ബേജ്, ബ്ലൂ എന്നീ നിറങ്ങള്‍ക്കൊപ്പം റൂഫ്, സി.പില്ലര്‍, ക്ലാഡിങ്ങ് എന്നിവയ്ക്ക് ബ്ലാക്ക് നിറവുമാണ് നല്‍കിയിട്ടുള്ളത്. ട്രെപ്‌സോയിഡ് ഗ്രില്ല്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍. നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ്, നേര്‍ത്ത ഇന്റിക്കേറ്റര്‍ ലൈറ്റ്, ഫോഗ് ലാമ്പ് എന്നിവ നല്‍കിയാണ് മുഖം അലങ്കരിച്ചിരിക്കുന്നത്. ഉയര്‍ന്ന പതിപ്പില്‍ 18 ഇഞ്ച് അലോയി വീലും താഴ്ന്ന മോഡലില്‍ 17 ഇഞ്ച് വീലുമാണ് നല്‍കിയിട്ടുള്ളത്.

ഫീച്ചര്‍ സമ്പന്നമാണ് ഈ വാഹനത്തിന്റെ അകത്തളം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മൈ ടി ആപ്പ് എന്നിവ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറങ്ങ് വീല്‍ എന്നിവയാണ് അകത്തളത്തിലുള്ളത്. മൈ ടി ആപ്പില്‍ ഡ്രൈവിങ്ങ് അനാലിസിസ്, ഫ്യുവല്‍ ലെവല്‍, ഫ്യുവല്‍ ലെവല്‍, വാണിങ്ങ് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കും. 231 ലിറ്റര്‍ ബൂട്ട് സ്‌പേസും ഇതില്‍ നല്‍കുന്നുണ്ട്. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ കരുത്തേകുന്നത്. 998 സി.സി. ശേഷിയുള്ള എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 93 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. സി.വി.ടി.ഓട്ടോമാറ്റിക്- മാനുവല്‍ ഗിയര്‍ബോക്‌സ് ആണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മണിക്കൂറില്‍ 158 കിലോമീറ്ററാണ് പരമാവധി വേഗത. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും. മികച്ച ഇന്ധനക്ഷമതയും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നുണ്ട്.

Content Highlights: Toyota Launched Aygo X Mini SUV, Toyota Mini SUV, Toyota Cars, Toyota SUV