2020 ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് തിരിച്ച് കയറുകയാണ് ഇന്ത്യയിലെ വാഹന മേഖല. 2021-ല്‍ ഇന്ത്യയില്‍ മികച്ച തുടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. ജനുവരിയിലെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 92 ശതമാനത്തിന്റെ കുതിപ്പാണ് ടൊയോട്ട റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ജനുവരിയില്‍ 5804 വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ ഈ ജനുവരിയില്‍ ഇത് 11,126 എണ്ണമായി ഉയര്‍ന്നു.
പ്രതിമാസ വില്‍പ്പനയില്‍ നേട്ടമുണ്ടായിട്ടുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന ഉത്സവ സീസണുകള്‍ ആയിരുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ യഥാക്രമം 8508 യൂണിറ്റും 7487 യൂണിറ്റുമായിരുന്നു വില്‍പ്പന. ഇതോടെ പ്രതിമാസ വില്‍പ്പനയില്‍ 32 ശതമാനത്തിന്റെ ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ മൂന്ന് പുതിയ മോഡലുകളാണ് ടൊയോട്ട ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. മാരുതി ബ്രെസയുടെ റീബാഡ്ജിങ്ങ് പതിപ്പായ ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍, എം.പി.വി. മോഡലായ ഇന്നോവ ക്രിസ്റ്റയുടെ മുഖം മിനുക്കിയ മോഡല്‍, പ്രീമിയം എസ്.യു.വിയായ ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പ് എന്നിവയാണ് ടൊയോട്ട അടുത്തിടെ എത്തിച്ചിട്ടുള്ള വാഹനങ്ങള്‍. ഇവ വില്‍പ്പനയ്ക്ക് മുതല്‍ കൂട്ടായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.
പുതുവര്‍ഷം നല്ല തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇത് മുന്നോട്ടുള്ള കുതിപ്പിന് ആത്മവിശ്വാസം പകരുന്നതാണ്. പുതിയ മോഡലുകളുടെ അവതരണത്തോടെ ബുക്കിങ്ങിലും വില്‍പ്പനയിലും അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതത് സെഗ്മെന്റുകളിലെ ടോപ്പ് സെല്ലിങ്ങ് മോഡലുകളായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിവയുടെ പുതിയ മോഡല്‍ വരും മാസങ്ങളില്‍ മികച്ച പ്രകടനം നല്‍കുമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മേധാവി അഭിപ്രായപ്പെട്ടു.
ടോയോട്ട-സുസുക്കി കൂട്ടുക്കെട്ടില്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഗ്ലാന്‍സ, അര്‍ബണ്‍ ക്രൂയിസര്‍ എന്നീ വാഹനങ്ങളുടെ വില്‍പ്പന 50,000 എന്ന നാഴികക്കല്ല് താണ്ടിയിട്ടുണ്ട്. ഗ്ലാന്‍സ 2019-ലും അര്‍ബണ്‍ ക്രൂയിസര്‍ 2020-ലുമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതത് സെഗ്മെന്റില്‍ കരുത്ത് തെളിയിച്ചിട്ടുള്ള ഈ വാഹനങ്ങള്‍ ടൊയോട്ടയ്ക്ക് പുതിയ ഉപയോക്താക്കളെ നേടി നല്‍കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ടൊയോട്ട അറിയിച്ചു.
Content Highlights: Toyota Kirloskar Motor registers 92% growth in domestic sales in January 2021