
ടൊയോട്ട ഹൈലക്സ് | Photo: Toyota
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായി ടൊയോട്ടയുടെ ലൈഫ് സ്റ്റൈല്‍ ട്രക്കായ ഹൈലക്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മാതാക്കളെ പോലും ഞെട്ടിക്കുന്ന പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിച്ചിട്ടുള്ളത്. വാഹനം ബുക്കുചെയ്യാന്‍ ഹൈലക്സ് ആരാധാകര്‍ കൂട്ടമായെത്തിയതോടെ ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട അറിയിച്ചു.
അവതരിപ്പിച്ച് രണ്ടാഴ്ച പിന്നിട്ടതോടെയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. അവതരണത്തിന് പിന്നാലെ തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് നിര്‍മാതാക്കള്‍ ആരംഭിച്ചിരുന്നു. ഒരു ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിച്ചത്. ഏപ്രില്‍ മാസത്തോടെ വാഹനം ഉപയോക്താക്കള്‍ കൈമാറുമെന്നാണ് ടൊയോട്ട ഉറപ്പുനല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ വാഹനത്തിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ലോഞ്ച് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. ടൊയോട്ടയോടും ഞങ്ങളുടെ ഒരു വാഹനത്തോടും കാണിക്കുന്ന വിശ്വാസത്തില്‍ ഏറെ നന്ദിയുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, പല ഘടകങ്ങള്‍ കണക്കിലെടുത്ത് ഹൈലക്സിന് ലഭിച്ച വലിയ ഡിമാന്റ് നിറവേറ്റാന്‍ കമ്പനിക്ക് സാധിക്കുന്നില്ല. അതിനാല്‍ ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തുകയാണെന്നും ടൊയോട്ടയുടെ പ്രസ്താവനയില്‍ പറയുന്നു.
ടൊയോട്ടയുടെ ഐ.എം.വി.2 പ്ലാറ്റ്ഫോമിലാണ് ഹൈലെക്സും ഒരുങ്ങിയിട്ടുള്ളത്. 5285 എം.എം. നീളവും 3080 എം.എം. വീല്‍ബേസുമാണ് ഹൈലെക്സ് പിക്ക്അപ്പിനുള്ളത്. ഹെക്സാഗണല് ഗ്രില്ല്, സ്വപ്റ്റ്ബാക്ക് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്.എല്‍, മസ്കുലര്‍ ബമ്പര്‍, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, സൈഡ് ഫുട്ട് സ്റ്റെപ്പ്, ബോഡ് ക്ലാഡിങ്ങ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പ്, എന്നിവയാണ് ഹൈലെക്സിന്റെ ഡിസൈന്‍ ഹൈലൈറ്റ്.
ഫോര്‍ച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും സമാനമായ ആഡംബര അകത്തളവുമാണ് ഹൈലെക്സിലുള്ളത്. തുകലില്‍ പൊതിഞ്ഞിട്ടുള്ള അപ്പ്ഹോള്‍സ്ട്രി, എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന മുന്‍നിര സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഇന്റീരിയറിനെ ഫീച്ചര്‍ സമ്പന്നമാക്കും.
ടൊയോട്ടയുടെ പ്രീമിയം എസ്.യു.വി. മോഡലായ ഫോര്‍ച്യൂണറില്‍ നല്‍കിയിട്ടുള്ള 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹൈലക്സിനും കരുത്തേകുന്നത്. ഈ എന്ജിന് 201 ബി.എച്ച്.പി. പവറും 420 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിലെ ഓട്ടോമാറ്റിക് വേരിയന്റ് 500 എന്‍.എം. ടോര്‍ക്ക് ഉത്പാദിപ്പിക്കും. 4x4 പതിപ്പില്‍ മാത്രമായിരിക്കും ഹൈലക്സ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Toyota Kirloskar Motor regarding Hilux, Toyota Hilux Stop receive booking
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..