ന്ത്യയിലെ എം.പി.വി. ശ്രേണിയില്‍ കിരീടം വയ്ക്കാത്ത രാജാവായി വിലസുന്ന വാഹനമാണ് ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. കരുത്തുറ്റ പ്രകടനം, മികച്ച യാത്രസുഖം, ശക്തമായ സുരക്ഷ എന്നിവയായിരുന്നു ക്രിസ്റ്റയുടെ മുഖമുദ്രയെങ്കില്‍ 100-ല്‍ അധികം ഫീച്ചറുകളും ഡ്രൈവിങ്ങ് മോഡുകളും പുതിയ ഡിസൈനുമായി ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് എത്തിയിരിക്കുകയാണ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യാഥാക്രമം 17.18 ലക്ഷവും 18.99 ലക്ഷവുമാണ് പ്രാരംഭ വില.

ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായാണ് ടൊയോട്ട ഈ ലിമിറ്റഡ് എഡിഷന്‍ ക്രിസ്റ്റ വിപണിയില്‍ എത്തിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്നോവ ക്രിസ്റ്റ നിരയിലെ മിഡ്-ലെവല്‍ വേരിയന്റായ ജി.എക്‌സ്. പതിപ്പാണ് ലിമിറ്റഡ് എഡിഷനായി രൂപമാറ്റം നേടിയിട്ടുള്ളത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എട്ട് സീറ്റര്‍, ഏഴ് സീറ്റര്‍ ഓപ്ഷനുകളിലും ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തുന്നുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.  

Innova

ലുക്കിലെ പുതുമ കൊണ്ടും ലിമിറ്റഡ് എഡിഷന്‍ മോഡലില്‍ മാറ്റം പ്രകടമാകുന്നുണ്ട്. പിയാനോ ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, ക്രോമിയം ബോര്‍ഡര്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, പുതിയ രൂപത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ്, ക്ലാഡിങ്ങുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ലിമിറ്റഡ് എഡിഷനില്‍ മാറ്റം ഒരുക്കിയിട്ടുള്ളത്. ഡയമണ്ട് കട്ട് അലോയി വീലും ലിമിറ്റഡ് എഡിഷനിലെ പുതുമയാണ്. മറ്റ് ഡിസൈനുകള്‍ റെഗുലര്‍ ക്രിസ്റ്റയ്ക്ക് സമാനമായാണ് നല്‍കിയിട്ടുള്ളത്. 

Innova

ഒന്നിലധികം നിറങ്ങള്‍ നല്‍കിയാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ക്ക് പുറമെ, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ്-ഡിസ്‌പ്ലേ, ടയര്‍ പ്രഷര്‍ മോണിറ്ററിങ്ങ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്ങ്, എയര്‍ അയോണെസര്‍, 16 വ്യത്യസ്ത നിറങ്ങളിലുള്ള ഡോര്‍ എഡ്ജ് ലൈറ്റനിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് പുതുതായി അകത്തളത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

164 ബി.എച്ച്.പി. പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 148 ബി.എച്ച്.പി. 343 എന്‍.എം. ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.4 ഡീസല്‍ എന്‍ജിനുമാണ് ലിമിറ്റഡ് എഡിഷന്‍ ക്രിസ്റ്റയിലും നല്‍കിയിട്ടുള്ളത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. എക്കോ, പവര്‍ എന്നീ ഡ്രൈവ് മോഡുകളും ഇതില്‍ നല്‍കുന്നുണ്ട്. ഏഴ് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി. എന്നീ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിന്റെ സുരക്ഷ കാര്യക്ഷമമാക്കും.

Content Highlights; Toyota Kirloskar Motor Launches the Innova Crysta Limited Edition this festive season