ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി വാഹനമായ ഫോര്‍ച്യൂണറിന്റെ ടിആര്‍ഡി ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4x4, 4x2 മോഡുകളിലെത്തുന്ന ഈ വാഹനത്തിന് 34.98 ലക്ഷം രൂപ മുതല്‍ 36.88 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഈ വാഹനത്തിന്റെ ഡീലര്‍ഷിപ്പ്തല ബുക്കിങ്ങും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്.

ടൊയോട്ടയുടെ റെയ്‌സിങ്ങ് ഡെവലപ്പ്‌മെന്റ് വിഭാഗമാണ് ഈ ലിമിറ്റഡ് എഡീഷന്‍ മോഡലിന്റെ ഡിസൈനിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്. ഫോര്‍ച്യൂണറിന്റെ സ്റ്റാന്റേഡ് മോഡലിനെക്കാള്‍ സ്‌പോര്‍ട്ടി ഭാവത്തിലാണ് ടിആര്‍ഡി ലിമിറ്റഡ് എഡിഷന്‍ മോഡല്‍ എത്തിയിരിക്കുന്നത്. കാഴ്ചയിലെ ഭാവത്തിന് പുറമെ, അധിക ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.

ടിആര്‍ഡി ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ബ്ലാക്ക് ഗ്രില്ല്, ബൈ-ബീം എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഫോഗ്‌ലാമ്പ് റിയര്‍ കോംമ്പിനേഷന്‍ ലാമ്പ്, ക്രോം ആവരണമുള്ള ഡോര്‍ ഹാന്‍ഡിലും ബെല്‍റ്റ് ലൈനും, 18 ഇഞ്ച് അലോയി വീലുകളും, ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീമുമാണ് എക്സ്റ്റീരിയറിലെ വ്യത്യസ്തമാക്കുന്നത്. 

ടിഎഫ്ടി മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, എട്ട് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റുകള്‍, 360 ഡിഗ്രി പനോരമിക് വ്യൂ മോണിറ്റര്‍, ഇല്ലുമിനേറ്റഡ് സ്‌കഫിള്‍ പ്ലേറ്റ് എന്നിവയാണ് ലിമിറ്റഡ് എഡിഷനിലെ ഫീച്ചറുകള്‍. 

സുരക്ഷ കാര്യക്ഷമാക്കുന്നതിനായി ഏഴ് എസ്ആര്‍എസ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, എബിഎസ്- ഇബിഡി, എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍, സ്പീഡ് ഓട്ടോലോക്ക് തുടങ്ങിയ ഫീച്ചറുകളും ടിആര്‍ഡി ലിമിറ്റഡ് എഡിഷനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 177 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമേകും. പാഡില്‍ ഷിഫ്റ്റ് സംവിധാനത്തോടെയുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്.

Content Highlights: Toyota Kirloskar Motor Launches Sporty New Fortuner TRD Limited Edition