ന്ത്യന്‍ നിരത്തുകളില്‍ ടൊയോട്ടയുടെ നിലനില്‍പ്പിന് ശക്തമായ കരുത്ത് പകരുന്ന വാഹനങ്ങളാണ് ഇന്നോവ ക്രിസ്റ്റ എം.പി.വി, ഫോര്‍ച്യൂണര്‍ പ്രീമിയം എസ്.യു.വി. തുടങ്ങിയ വാഹനങ്ങള്‍. ഇതില്‍ തലയെടുപ്പ് കൊണ്ട് ആരാധകരെ സൃഷ്ടിച്ചിട്ടുള്ള വാഹനമാണ് ടൊയോട്ടയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഫോര്‍ച്യൂണര്‍. ഈ വാഹനത്തിന്റെ കഴിഞ്ഞ മുഖംമിനുക്കലില്‍ എത്തിയ ലെജന്‍ഡര്‍ പതിപ്പിന്റെ 4x4 മോഡലും എത്തിച്ചിരിക്കുകയാണ് ടൊയോട്ട.

കഴിഞ്ഞ ജനുവരിയിലാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ എന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍, 4x2 വേരിയന്റായാണ് ഈ വാഹനം എത്തിയിരുന്നത്. ഫോര്‍ച്യൂണറിന്റെ കാര്യക്ഷമത ഊട്ടിയുറപ്പിക്കുന്നതിനായാണ് 4x4 പതിപ്പ് എത്തിച്ചിരിക്കുന്നത്. ഓഫ് റോഡ് പെര്‍ഫോമെന്‍സ് ഇഷ്ടപ്പെടുന്നതിനൊപ്പം ആഡംബരവും ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്കായി പവര്‍ ഇന്‍ സ്റ്റൈല്‍ ആയാണ് ലെജന്‍ഡര്‍ എത്തിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

ലുക്കില്‍ റെഗുലര്‍ ലെജന്‍ഡറിന് സമാനമാണെങ്കിലും ഡിസൈനില്‍ ഏതാനും പുതുമകള്‍ വരുത്തിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ ബംമ്പര്‍, ബ്ലാക്ക് ആക്‌സെന്റുകള്‍ നല്‍കിയുള്ള ഗ്രില്ല്, എല്‍.ഇ.ഡി. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, വാട്ടള്‍ഫാള്‍സ് ഡിസൈനിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, 18 ഇഞ്ച് വലിപ്പമുള്ള മെഷിന്‍ കട്ട് അലോയി വീലുകള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീം തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിന് പുതുമ നല്‍കുന്നത്. 

ബ്ലാക്ക്-മെറൂണ്‍ ഇരട്ട നിറങ്ങളിലായാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. സ്റ്റിയറിങ്ങ് വീല്‍, കണ്‍സോള്‍ ബോക്‌സ് തുടങ്ങിയവയില്‍ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങാണ് നല്‍കിയിട്ടുള്ളത്. വാഹനത്തിനുള്ളില്‍ നല്‍കിയിട്ടുള്ള ആംബിയന്റ് ലൈറ്റിങ്ങ് അകത്തളത്തിന് പ്രീമിയം ഭാവം പകരുന്നു. പിന്‍നിര യാത്രക്കാര്‍ക്കായി യു.എസ്.ബി. പോര്‍ട്ടും നല്‍കിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജര്‍ സംവിധാനത്തിനൊപ്പം റെഗുലര്‍ മോഡലുകളിലെ മറ്റ് ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മെക്കാനിക്കലായി മാറ്റം വരുത്താതെയാണ് ലെജന്‍ഡര്‍ 4x4 ആയിരിക്കുന്നത്. മറ്റ് പതിപ്പുകള്‍ക്ക് കരുത്തേകുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലും പ്രവര്‍ത്തിക്കുന്നത്. ഇത് 204 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ 4x4 മോഡലിന് 42.33 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വിലയെന്നാണ് ടൊയോട്ട പ്രഖ്യാപിച്ചിട്ടുള്ളത്.

Content Highlights:  Toyota Kirloskar Motor Launches New Legender 4X4 Variant