ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മാരുതി എം.പി.വിയുടെ പ്രതീകാത്മക ചിത്രം | Photo: MotorBeam
ബലേനൊ, ഗ്ലാന്‍സയായും ബ്രെസ, അര്‍ബന്‍ ക്രൂയിസറുമായായിരുന്നു മാരുതി സുസുക്കി-ടൊയോട്ട ബന്ധത്തിന്റെ തുടക്കമെങ്കില്‍ ഹൈറൈഡറായപ്പോഴേക്കും അത് തിരിഞ്ഞ് വരികയായിരുന്നു. ആദ്യം ഹൈറൈഡര്‍ എത്തിയ ശേഷമാണ് ഈ വാഹനത്തിന്റെ മാരുതി പതിപ്പായ ഗ്രാന്റ് വിത്താര എത്തുന്നത്. ഈ പ്രതിഭാസം ഒരുക്കല്‍ കൂടി തുടര്‍ന്നേക്കുമെന്നാണ് സൂചന. അതായത് ടൊയോട്ടയുടെ എം.പി.വി. മോഡലായ ഹൈക്രോസ് മാരുതിയുടെ ബാഡ്ജിങ്ങില്‍ ഒരുങ്ങുമെന്നാണ് വിവരം.
അടുത്ത രണ്ട് മാസത്തിനുള്ളില്‍ ടൊയോട്ടയുടെ ഹൈക്രോസിനെ അടിസ്ഥാനമാക്കി മാരുതി സുസുക്കിയുടെ എം.പി.വി. വാഹനം എത്തുന്നുവെന്നാണ് സൂചനകള്‍. ആലങ്കാരികമായി മാരുതിയുടെ ഇന്നോവ എന്ന വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഈ വാഹനത്തിന് മറ്റൊരു പേര് നല്‍കിയായിരിക്കും എത്തുകയെന്നാണ് വിലയിരുത്തലുകള്‍. ഹൈക്രോസില്‍ നല്‍കിയിട്ടുള്ള ഹൈബ്രിഡ് സംവിധാനം ഉള്‍പ്പെടെയായിരിക്കും ഈ വാഹനം മാരുതിയുടെ ബാഡ്ജിങ്ങിലും എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.
ഹൈബ്രിഡ് എന്‍ജിന്‍, മോണോകോക്ക് ബോഡി, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളാണ് ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് ആയപ്പോള്‍ വന്നിട്ടുള്ള പുതുമകള്‍. ഈ ഫീച്ചറുകള്‍ക്ക് പുറമെ, ലിറ്ററിന് 21.1 കിലോ മീറ്റര്‍ എന്ന ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. ടൊയോട്ടയുടെ ടി.എന്‍.ജി.എ. ജി.എ.സി. മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. 18.30 ലക്ഷം രൂപ മുതല്‍ 28.97 ലക്ഷം രൂപയാണ് ഹൈക്രോസിന്റെ എക്‌സ്‌ഷോറൂം വില.
സ്ട്രോങ്ങ് ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യ ടൊയോട്ടയെ സംബന്ധിച്ച് പുതുമയല്ലെങ്കിലും കൂട്ടാളിയായ മാരുതിക്ക് ഇത് പുതുമയാണ്. ഗ്രാന്റ് വിത്താരയാണ് മാരുതിയുടെ ആദ്യ സ്‌ട്രോങ്ങ് ഹൈബ്രിഡ് വാഹനം. ഹൈക്രോസ് റീബാഡ്ജിങ്ങ് എത്തുന്നതോടെ മാരുതി വാഹനങ്ങളിലെ രണ്ടാമത്തെ ഹൈബ്രിഡ് മോഡലായിരിക്കും ഇത്. ടൊയോട്ടയുടെ ഹൈക്രോസില്‍ ഉറപ്പുനല്‍കിയിട്ടുള്ളതിന് സമാനമായി 21 കിലോ മീറ്റര്‍ ഇന്ധനക്ഷമത തന്നെയായിരിക്കും മാരുതിയില്‍ നിന്ന് നിരത്തുകളില്‍ എത്തുന്ന റീബാഡ്ജിങ്ങ് പതിപ്പിന്റെയും മുഖമുദ്ര.
രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ഹൈക്രോസ് എത്തിയിട്ടുള്ളത്. ടൊയോട്ടയുടെ അഞ്ചാം തലമുറ സെല്‍ഫ് ചാര്‍ജിങ്ങ് സ്‌ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിനൊപ്പം ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഹൈബ്രിഡ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 186 പി.എസ്. പവറും 206 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ-ഡ്രൈവ് വിത്ത് സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് ആണ് ഇതിലെ ട്രാന്‍സ്മിഷന്‍.
പെട്രോള്‍ എന്‍ജില്‍ മാത്രവും ഹൈക്രോസ് എത്തുന്നുണ്ട്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ വി.വി.ടി.ഐ. പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 174 പി.എസ്. പവറും 205 എന്‍.എം. ടോര്‍ക്കുമാണ് റെഗുലര്‍ മോഡലിന്റെ കരുത്ത്. സി.വി.ടി. ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ ഹൈക്രോസ് എത്തുന്നില്ലെന്നാണ് മറ്റൊരു സവിശേഷത. ഈ വാഹനത്തെ അടിസ്ഥാനമാക്കിയെത്തുന്ന മാരുതി വാഹനത്തിലും മാനുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കിയേക്കില്ല.
Image Source: MotorBeam
Content Highlights: Toyota Innova Hycross based Maruti MPV will launch in two months, Maruti Suzuki MPV


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..