ടൊയോട്ട ഇന്നോവ ഇലക്ട്രിക് പരീക്ഷണയോട്ടത്തിൽ | Photo: Instagram/muhammad_joned
ഹൈബ്രിഡ് വാഹനങ്ങള്‍, സി.എന്‍.ജി മോഡലുകള്‍ എന്നിങ്ങനെ ഡീസല്‍ എന്ജിന് വാഹനങ്ങള്‍ക്ക് പകരക്കാരെ നിരത്തുകളില്‍ എത്തിക്കുകയാണ് ടൊയോട്ട. ഇന്ത്യക്കാരുടെ എക്കാലത്തേയും പ്രിയ എം.പി.വിയായ ഇന്നോവയുടെ പുതിയ മോഡലായ ഹൈക്രോസ് എത്തിയത് പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയാണ്. ഇവയ്ക്ക് പുറമെ, പൂര്‍ണമായും ഇലക്ട്രിക് വാഹനമായി ഇന്നോവ എത്തുന്നുണ്ടെന്നായിരുന്നു അഭ്യൂഹങ്ങള്‍.
ദിവസങ്ങള്‍ക്ക് മുമ്പുവരെ ഇത് സൂചനകള്‍ ആയിരുന്നെങ്കില്‍ ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്ന സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്നത്. ഇന്നോവയുടെ ഇലക്ട്രിക് പതിപ്പ് നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വര്‍ഷം ജക്കാര്‍ത്തയിൽ നടന്ന ഇന്‍ഡൊനീഷ്യന്‍ ഓട്ടോഷോയില്‍ ഇന്നോവയുടെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ മോഡല്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്നോവയുടെ പുതിയ മോഡലായ ഹൈക്രോസ് എത്തിയിട്ടുണ്ടെങ്കിലും ഇലക്ട്രിക് മോഡല്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപസാദൃശ്യത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായി നല്കുന്ന ഏതാനും ഡിസൈനുകളും ഇന്നോവയുടെ ഇലക്ട്രിക്കില്‍ നല്‍കിയിട്ടുണ്ട്. മുന്നില്‍ മൂടിക്കെട്ടിയ ഗ്രില്ലും പുതിയ ഡിസൈനില്‍ ഒരുങ്ങിയിരിക്കുന്ന ബമ്പറുമാണ് നല്‍കിയിട്ടുള്ളത്. ഹെഡ്ലാമ്പ്, ബോണറ്റ് തുടങ്ങിയവ ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ളതിന് സമാനമാണ് ഈ മോഡലിലുമുള്ളത്.

ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ അകത്തളമായിരിക്കും ഇലക്ട്രിക് മോഡലും നല്‍കുകയെന്നാണ് വിലയിരുത്തല്‍. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍ തുടങ്ങിയവ റെഗുലര്‍ മോഡലില്‍ നിന്നും കടംകൊണ്ടവയാണ്. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ ഭാവം നല്‍കുന്നതിനായി പുറത്ത് നല്‍കിയിട്ടുള്ള ഗ്രാഫിക്സിന്റെ നിറത്തില്‍ അലങ്കാരങ്ങള്‍ അകത്തളത്തില്‍ നല്‍കിയിട്ടുണ്ട്.
ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം എത്തിക്കുന്നത് സംബന്ധിച്ച സൂചന പോലും ടൊയോട്ട നല്‍കിയിട്ടില്ല. മാരുതിയുമായി ചേര്‍ന്നായിരിക്കും ഇത്തരം വാഹനങ്ങള്‍ പരിഗണിക്കുകയെന്നുമാണ് അഭ്യൂഹങ്ങള്‍. അതുകൊണ്ടുതന്നെ തിരഞ്ഞെടുത്ത ഏതാനും വിപണികളില്‍ മാത്രമായിരിക്കും ഭാവിയില്‍ ടൊയോട്ടയുടെ ഈ ഇലക്ട്രിക് എം.പി.വി. അവതരിപ്പിക്കുകയെന്നാണ് വിലയിരുത്തല്‍.
Content Highlights: Toyota Innova electric model spied in testing, Innova Electric, Electric MPV
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..