ണ്ട് മാസത്തിലേറെ നീണ്ടുനിന്ന കൊറോണ ലോക്ക്ഡൗണ്‍ വാഹനമേഖലയിലുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് തിരിച്ചുവരവിന്റെ സൂചന നല്‍കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. ലോക്ക്ഡൗണ്‍ ഡൗണ്‍ മൂന്ന്, നാല് ഘട്ടങ്ങള്‍ നിലനിന്നിരുന്ന മേയ് മാസത്തില്‍ 1639 വാഹനങ്ങള്‍ നിരത്തുകളിലെത്താന്‍ സാധിച്ചതാണ് ടൊയോട്ടയുടെ പ്രതീക്ഷ ഉയര്‍ത്തുന്നത്. 

ആഭ്യന്തര വിപണിയിലെ വില്‍പ്പനയ്ക്ക് പുറമെ, ടൊയോട്ട എറ്റിയോസിന്റെ 928 യൂണിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. 2019- മേയ് മാസത്തില്‍ 12,138 വാഹനങ്ങളാണ് ടൊയോട്ടോ നിരത്തിലെത്തിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ആശ്വാസകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്ന നല്‍കിയ ഇളവുകള്‍ അനുസരിച്ച് മേയ് അഞ്ചിന് ടൊയോട്ടയുടെ ബിദഡിയിലെ പ്ലാന്റ തുറന്നിരുന്നു. ലോക്ക്ഡൗണിന് മുമ്പ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ള വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഷോറൂമുകളില്‍ എത്തിക്കുന്നതിനുമാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ പ്രധാന്യം നല്‍കുന്നത്. 

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിപണി മന്ദഗതിയിലാണെന്നും വാഹനങ്ങളുടെ ഡിമാന്റ് കുറഞ്ഞിരിക്കുകയുമാണ്. സാധാരണ നിലയില്‍ ലഭിക്കേണ്ട വില്‍പ്പനയുടെ 20 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ ഉപയോക്താക്കളെ ടൊയോട്ടയിലെത്തിക്കുന്നതിനായി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും ടൊയോട്ടയുടെ മേധാവി അറിയിച്ചു.

ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇളവുകള്‍ക്കനുസരിച്ച് രാജ്യത്തെ ടൊയോട്ടയുടെ 60 ശതമാനം ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ബാക്കി ഷോറൂമുകളും ഉടന്‍ തുറക്കുമെന്നുമാണ് സൂചന.

Content Highlights: Toyota India Sells 1639 Unit Vehicle In May