പ്രീമിയം സെഡാന്‍, എംപിവി ശ്രേണികളില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള വാഹനങ്ങളാണ് കാംറി, വെല്‍ഫയര്‍ മോഡലുകള്‍. കഴിഞ്ഞ മാസം പ്രഖ്യാപിച്ചത് പോലെ ഈ രണ്ട് മോഡലുകളുടെയും വില ടൊയോട്ട ഉയര്‍ത്തിയിരിക്കുകയാണ്. നാല് മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ധനവാണ് വരുത്തിയിട്ടുള്ളത് ഇതോടെ കാംറിക്ക് 1.14 ലക്ഷവും വെല്‍ഫയറിന് 4 ലക്ഷം രൂപയുമാണ് വില ഉയര്‍ന്നിരിക്കുന്നത്.
ബിഎസ്-6 എന്‍ജിനിലെത്തിയ കാംറി ഹൈബ്രിഡിന് 37.88 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. പുതിയ വില അനുസരിച്ച് ഇത് 39.02 ആയും വെല്‍ഫയറിന്റെ എക്‌സ്‌ഷോറൂം വില 79.50 ലക്ഷത്തില്‍ നിന്ന് 83.50 ലക്ഷമായി ഉയരുകയും ചെയ്തിട്ടുണ്ട്. രൂപയുടെ വിനിമയ നിരക്കിലുണ്ടായി വര്‍ധനവിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാന്‍ നിബന്ധിതരായതെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.
ഹൈബ്രിഡ് സെഡാന്‍ വാഹനമായ കാംറി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് നിരത്തുകളിലെത്തുന്നത്. അതേസമയം, ആഡംബര എംപിവി വാഹനമായ വെല്‍ഫയര്‍ പൂര്‍ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെത്തുന്നത്. ഇരുവാഹനങ്ങളും ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അകമ്പടിയോടെയാണ് ഇന്ത്യയിലെത്തുന്നത്.

കാംറിയില്‍ പ്രവര്‍ത്തിക്കുന്ന 2.5 ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് എന്‍ജിന്‍ 176 ബിഎച്ച്പി പവറും 221 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോര്‍ 118 ബിഎച്ച്പി പവറും 202 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് സിവിടിയാണ് കാംറിയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വെല്‍ഫയറിലും കരുത്തേകുന്നത്. ഇത് 115 ബിഎച്ച്പി പവറും 198 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിനുപുറമെ, 105Kw-യും 50Kw-യും ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളും വെല്‍ഫയറിലുണ്ട്. എന്‍ജിനും ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് 196 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. സിവിടിയാണ് ഇതിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Toyota Increase Price For Camry Hybrid and Vellfire Luxury MPV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..