ടൊയോട്ട ഹൈലക്സ് | Photo: Toyota
ലൈഫ് സ്റ്റൈല്‍ യൂട്ടിലിറ്റി വെഹിക്കിള്‍... വാഹനനിരയില്‍ പുതിയൊരു വിഭാഗം ഇന്ത്യയില്‍ പതുക്കെ വികസിച്ചുവരുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ പണ്ടേ ഹിറ്റാണ് ഇത്തരം വാഹനങ്ങള്‍. അത്യാവശ്യം ഒരു പിക്കപ്പായും ഒരു എസ്.യു.വി.യായുമൊക്കെ ഉപയോഗിക്കാവുന്ന കരുത്തന് രൂപമായിരിക്കും ഇതിന്റെ പ്രത്യേകത. എന്നാല്‍, ആഡംബര വാഹനങ്ങള്‍ക്ക് വേണ്ട സൗകര്യമെല്ലാം ഉണ്ടായിരിക്കും. ഒരു കുടുംബത്തിന് മോശമല്ലാതെ യാത്രചെയ്യാനും കഴിയും.
ഇന്ത്യയില്‍ ഇതുവരെ അത്രയധികം ശ്രദ്ധയാകര്‍ഷിക്കാത്ത വിഭാഗമാണിത്. 'ഇസുസു ഡി.മാക്സ്' പോലെ ചിലരായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇപ്പോഴിതാ സാക്ഷാല്‍ 'ടൊയോട്ട' തന്നെ തങ്ങളുടെ കരുത്തനായ 'ഹൈലക്സു'മായി എത്തുകയാണ്. വരവ് മുന്‍പേതന്നെ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞദിവസമാണ് വില പ്രഖ്യാപനം നടത്തിയത്.
മൂന്ന് വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദം 'സ്റ്റാന്‍ഡേര്‍ഡി'ന് 33.99 ലക്ഷവും 'ഹൈ' വകഭേദത്തിന് 35.80 ലക്ഷവും 'ഹൈ ഓട്ടോമാറ്റിക്കി'ന് 36.80 ലക്ഷം രൂപയുമാണ് വില. നേരത്തെ കമ്പനി, വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല.

'ഫോര്‍ച്യൂണറി'ലും ഇന്നോവ 'ക്രിസ്റ്റ'യിലും കാണുന്ന ഐ.എം.വി. -ടൂ പ്ലാറ്റ്ഫോം തന്നെയാണ് 'ഹൈലക്സി'ന്റെയും അടിസ്ഥാനം. 2.8 ലീറ്റര്‍ ഡീസല്‍ എന്ജിനുമായുള്ള വാഹനം ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളില്‍ ലഭിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്കിന് 204 ബി.എച്ച്.പി. വരെ കരുത്തും 500 എന്‍.എം. ടോര്‍ക്കും ആറു സ്പീഡ് മാനുവലിന് 204 ബി.എച്ച്.പി. കരുത്തും 420 എന്‍.എം. ടോര്‍ക്കുമുണ്ട്. ഓള് വീല്‍ ഡ്രൈവാണിവ.
700 മില്ലിമീറ്റര്‍ ആഴമുള്ള വെള്ളച്ചാലുകള്‍ വരെ താണ്ടാനുള്ള കഴിവുണ്ട്. എ.ബി.എസ്, ഇ.ബി.ഡി., ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, 7 എയര്‍ബാഗുകള്‍, ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്ട്രോള്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്ട്രോള് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
ഡാഷ് ബോഡിലും സ്റ്റിയറിങ് വീലിലും സീറ്റിലുമെല്ലാം 'ഫോര്‍ച്യൂണറി'നോടാണ് കൂടുതല്‍ അടുപ്പം. ആംബിയന്റ് ലൈറ്റിങ്, ഓട്ടോ എയര്‍ കണ്ടീഷനിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ എന്നിവയടങ്ങുന്ന എട്ടിഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്ക്രീന്‍, ജെ.ബി.എല്ലിന്റെ സ്പീക്കര്‍ എന്നിവയെല്ലാം ഹൈലക്സിലുണ്ട്.

Content Highlights: Toyota Hilux Lifestyle Pick Up Truck, Life Style Utility Vehicle, Toyota Hilux
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..