ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുന്ന പുതിയ വാഹനമാണ് ഹൈലെക്‌സ് ലൈഫ്-സ്റ്റൈല്‍ പിക്ക്അപ്പ്. കഴിഞ്ഞ വര്‍ഷം തന്നെ പ്രഖ്യാപിച്ചിട്ടുള്ള ഈ വാഹനം ഈ മാസം ഒടുവില്‍ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ടീ ബി.എച്ച്.പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വാഹനം ജനവരി 23-ന് അവതരിപ്പിക്കുമെന്നാണ് വിവരം. 

കോവിഡ്, ഒമിക്രോണ്‍ ഭീഷണി ഒഴിഞ്ഞാലായിരിക്കും ഈ വാഹനം 23-ന് അവതരിപ്പിക്കുകയെന്നാണ് സൂചന. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുമെന്നായിരുന്നു ഹൈലെക്‌സിന്റെ വരവ് സംബന്ധിച്ച ആദ്യസൂചന. എന്നാല്‍, ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനാണ് നിര്‍മാതാക്കളുടെ പുതിയ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു വേരിയന്റില്‍ മാത്രമായിരിക്കും ഹൈലെക്‌സ് ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പ് നിരത്തുകളില്‍ എത്തുക.

Toyota Hilux
ടോയോട്ട വിദേശ വിപണിയില്‍ എത്തിച്ചിട്ടുള്ള ഹൈലെക്‌സിന്റെ ഇന്റീരിയര്‍ | Photo: Toyota Europe

ടെലിവിഷന്‍ പരസ്യ ചിത്രീകരണത്തിനായി ഈ വാഹനം അടുത്തിടെ നിരത്തുകളില്‍ ഇറങ്ങിയതിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ചിത്രീകരിച്ച പരസ്യത്തില്‍ ഹൈലെക്‌സിന്റെ ഡബിള്‍ ക്യാബിന്‍ മോഡലാണ് എത്തിയിരുന്നത്. ടൊയോട്ടയുടെ ഐ.എം.വി.2 പ്ലാറ്റ്ഫോമിലായിരിക്കും ഹൈലെക്സും ഒരുങ്ങുക. 5285 എം.എം. നീളമാണ് ഹൈലെക്സ് പിക്ക്അപ്പിനുള്ളത്. 3085 എം.എം. വീല്‍ബേസും ഈ വാഹനത്തിന് നല്‍കും.

ലൈഫ് സ്‌റ്റൈല്‍ പിക്കഅപ്പ് ശ്രേണിയിലെ സ്‌റ്റൈലിഷ് മോഡലായായിരിക്കും ഹൈലെക്സ് എത്തുക. വലിയ ഹെക്സാഗണല്‍ ഗ്രില്ല്, സ്വപ്റ്റ്ബാക്ക് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവമുള്ള ബംമ്പര്‍, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, സൈഡ് ഫുട്ട് സ്റ്റെപ്പ്, ബോഡ് ക്ലാഡിങ്ങ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ക്രോമിയം ആവരണം നല്‍കിയിട്ടുള്ള ഹാച്ച്ഡോര്‍ ഹാന്‍ഡില്‍ എന്നിവയാണ് ഹൈലെക്സിന്റെ ഡിസൈന്‍ ഹൈലൈറ്റ്.

Toyota Hilux
ടൊയോട്ട ഹൈലെക്‌സ് | Photo: Toyota Europe

ഫോര്‍ച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും സമാനമായ ആഡംബര അകത്തളമായിരിക്കും ഹൈലെക്സിലും നല്‍കുക. തുകലില്‍ പൊതിഞ്ഞിട്ടുള്ള അപ്പ്ഹോള്‍സ്ട്രി, എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന മുന്‍നിര സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഇന്റീരിയറിനെ ഫീച്ചര്‍ സമ്പന്നമാക്കും. 

മെക്കാനിക്കല്‍ ഫീച്ചര്‍ സംബന്ധിച്ച കൃത്യമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. ഹെലെക്സിന്റെ താഴ്ന്ന വേരിയന്റില്‍ ഇന്നോവ ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ള 2.4 ഡീസല്‍ എന്‍ജിന്‍ നല്‍കിയേക്കുമെന്നാണ് സൂചന. അതേസമയം, ഉയര്‍ന്ന വകഭേദങ്ങളില്‍ ഫോര്‍ച്യൂണറില്‍ നല്‍കിയിട്ടുള്ള 201 ബി.എച്ച്.പി. പവറും 420 എന്‍.എം. ടോര്‍ക്കുമേകുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനും നല്‍കിയേക്കും. ഓട്ടോമാറ്റിക് പതിപ്പ് 500 എന്‍.എം. ടോര്‍ക്ക് ഉത്പാദിപ്പിക്കും. 4x2, 4x4 പതിപ്പുകളായും ഇത് എത്തും.

Source: Team BHP

Content Highlights: Toyota Hilux Life Style Pick Up, Toyota Hilux India Launch, Toyota Hilux Life Style Pick Up