ടൊയോട്ട ഹയാസ് | Photo: Team BHP
ഹയാസ് എന്ന എം.പി.വി.രണ്ട് വര്‍ഷം മുമ്പ് ടൊയോട്ട ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്ന വാഹനമാണ്. ഒടുവില്‍ ഈ വാക്ക് പാലിച്ച് ഈ എം.പി.വി. ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹയാസ് ജി.എല്‍. എന്ന ഒറ്റ വേരിയന്റില്‍ എത്തുന്ന ഈ 14 സീറ്റര്‍ എം.പി.വിക്ക് 55 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന്റെ ആദ്യ ബാച്ച് എത്തിയതായാണ് വിവരം. കുറഞ്ഞ എണ്ണം മാത്രമായിരിക്കും ആദ്യം വില്‍പ്പനയ്ക്ക് എത്തുക.
14 സീറ്റുകളാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഏറ്റവും ഒടുവിലെ നിരയിലെ സീറ്റ് മടക്കി വെക്കാന്‍ സാധിക്കുന്നതാണ്. ഇതുവഴി ലഗേജ് സ്പേസ് ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മറ്റ് വാഹനങ്ങളെ പോലെ ഫീച്ചര്‍ സമ്പന്നമായ വാഹനമായിരിക്കില്ല ഹയാസ് എന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കും കൂടി ഉപയോഗിക്കുന്ന വാഹനമായാതിനാലാണ് പുതുതലമുറ ഫീച്ചറുകള്‍ കുറച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
ഓക്സിലറി, യു.എസ്.ബി.കണക്ടിവിറ്റിയുള്ള ടു ഡിന് ഓഡിയോ സിസ്റ്റം, പവര്‍ സ്റ്റിയറിങ്ങ്, എല്ലാ നിരയിലും എ.സി.വെന്റുകള്‍, പവര്‍ സ്ലൈഡിങ്ങ് റിയര്‍ ഡോറുകള്‍, ഫാബ്രിക് സീറ്റുകള്‍, പവര്‍ വിന്‍ഡോസ്, റിയര്‍ ഡിഫോഗര്‍, ഹാലജന്‍ ഹെഡ്ലാമ്പുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുള്ളത്. ടൊയോട്ടയുടെ ഹയാസിന്റെ അഞ്ചാം തലമുറ മോഡലാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളതെന്നാണ് സൂചനകള്‍.
ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചറില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് ഹയാസ്. ആഗോള നിരത്തുകളില്‍ ഈ വാഹനത്തിന്റെ ആറാം തലമുറ മോഡലാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഈ മോഡലില്‍ 17 സീറ്റുകള്‍ വരെ ഒരുക്കിയിട്ടുണ്ട്. ബോഡി ടൈപ്പിന് അനുസരിച്ച് നോര്‍മല്‍ വിത്ത് സ്റ്റാന്റേഡ് റൂഫ്, ലോങ്ങര്‍ വേര്‍ഷന്‍ വിത്ത് ഹൈ റൂഫ് ഓപ്ഷനുകളില്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് ടൊയോട്ട ഹയാസ് വിദേശ നിരത്തുകളില്‍ എത്തിച്ചിട്ടുള്ളത്.
ഫോര്‍ച്യൂണര്‍ എസ്.യു.വിയില്‍ പ്രവര്‍ത്തിക്കുന്ന 2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹായസിനും കരുത്തേകുന്നത്. ഇത് 151 ബി.എച്ച്.പി.പവറും 300 എന്‍.എം.ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. അതേസമയം, ഫോര്‍ച്യൂണറില്‍ ഇത് 204 ബി.എച്ച്.പി.പവറാണ് ഉത്പാദിപ്പിക്കുന്നത്. ഹയാസിന്റെ ആഗോള മോഡല്‍ 3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനിലും 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനിലുമാണ് എത്തിയിട്ടുള്ളത്.
Content Highlights: Toyota Hiace MPV Launched In India Price Starts From 55 Lakhs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..