മാരുതിയുടെ ബലേനൊയുടെ രൂപത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ടൊയോട്ട പുറത്തിറക്കുന്ന ഗ്ലാന്‍സയുടെ അകത്തളത്തിന്റെയും പുറംമോടിയുടെയും യഥാര്‍ഥ ചിത്രങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ഈ വാഹനം ജൂണ്‍ മാസത്തില്‍ നിരത്തിലെത്തുമെന്നാണ് സൂചന.

സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ പിറവിയെടുക്കുന്ന ആദ്യവാഹനമാണ് ടൊയോട്ടയുടെ മേല്‍വിലാസത്തിലെത്തുന്ന ഗ്ലാന്‍സ. വലിപ്പത്തിലും ഡിസൈനിങ്ങിലും സൗകര്യത്തിലും ബലേനൊയ്ക്ക് തുല്യനായ വാഹനമാണ് ഗ്ലാന്‍സ. മുന്നിലും പിന്നിലും ടൊയോട്ട ബാഡ്ജിങ്ങാണ് ആകെയുള്ള മാറ്റം.

ബലേനൊയുടെ ബ്ലാക്ക് ഗ്രില്ലിന് പകരം ക്രോമിയം ഫിനീഷ് ഗ്രില്ലും അതിന് മധ്യത്തില്‍ നല്‍കിയിട്ടുള്ള ടൊയോട്ടയുടെ ലോഗോയും മുന്നില്‍ മാറ്റമൊരുക്കുമ്പോള്‍, ടെയില്‍ ഗേറ്റിന്റെ മധ്യഭാഗത്ത് ടൊയോട്ടയുടെ ലോഗോയും ഇടത് സൈഡില്‍ ഗ്ലാന്‍സ ബാഡ്ജിങ്ങും വലത് വശത്ത് വേരിയന്റും മാര്‍ക്ക് ചെയ്തിരിക്കുന്നതാണ് പിന്നിലെ മാറ്റം.

അടുത്തിടെ അവതരിപ്പിച്ച പുതുതലമുറ ബലേനൊയിലെ ക്യാബിന്‍ തന്നെയാണ് ഗ്ലാന്‍സയിലും. എന്നാല്‍, സ്റ്റീയറിങ് വീലില്‍ ടൊയോട്ടയുടെ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ബലേനൊയിലേത് തന്നെയാണ് ഗ്ലാന്‍സയിലുമുള്ളത്. 

അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിവയാണ് സുരക്ഷ ഒരുക്കുന്നുണ്ട്.

പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരുക്കും ഗ്ലാന്‍സ പുറത്തിറക്കുക. 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ-സീരിയസ് എന്‍ജിനിലും 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോല്‍ എന്‍ജിനിലും ഈ വാഹനം എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളും ഇതില്‍ നല്‍കും.

രണ്ട് വേരിയന്റുകളായി അവതരിപ്പിക്കുന്ന ടൊയോട്ട ഗ്ലാന്‍സയുടെ പ്രധാന എതിരാളികള്‍ മാരുതി ബലേനൊ, ഹ്യുണ്ടായി ഐ20, ഹോണ്ട ജാസ് എന്നീ വാഹനങ്ങളായിരിക്കുമെന്നാണ് സൂചന.

Content Highlights: Toyota Glanza Interior And Exterior Image Leak