മാരുതിയുടെയും ടൊയോട്ടയുടെയും ലേബലില്‍ ബൊലേനൊ, ഗ്ലാന്‍സ തുടങ്ങിയ പേരുകളില്‍ ഇന്ത്യന്‍ നിരത്തില്‍ വിലസുന്ന വാഹനം കടല്‍ കടക്കാനൊരുങ്ങുന്നു. ടൊയോട്ടയാണ് ഈ വാഹനത്തെ സൗത്ത് ആഫ്രിക്കന്‍ നിരത്തുകളിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. എന്നാല്‍, രാജ്യം വിടുന്നതോടെ ഈ വാഹനം ഗ്ലാന്‍സ എന്ന പേര് മാറ്റി ടൊയോട്ട സ്റ്റാര്‍ലെറ്റ് എന്ന പേരിലറിയപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1973 മുതല്‍ 1999 വരെ ടൊയോട്ട വിദേശ നിരത്തുകളിലെത്തിച്ചിട്ടുള്ള എന്‍ട്രി ലെവല്‍ വാഹനത്തിന്റെ പേരാണ് സ്റ്റാര്‍ലെറ്റ്. അതുകൊണ്ട് തന്നെ ടൊയോട്ടയുടെ എന്‍ട്രി ലെവല്‍ വാഹനമായായിരിക്കും ഗ്ലാന്‍സ ആഫ്രിക്കയിലെത്തുക. ഈ വാഹനമെത്തുന്നതോടെ സൗത്ത് ആഫ്രിക്കയില്‍ ടൊയോട്ടയുടെ മോഡലുകളുടെ എണ്ണം നാലായി ഉയരും. ലാന്‍ഡ് ക്രൂയിസര്‍, ഹയാസ്, ഹൈലക്‌സ് എന്നിവയാണ് മറ്റുള്ളവ.

ഗ്ലാന്‍സയിലുടെ സ്റ്റാര്‍ലെറ്റ് എന്ന ബ്രാന്റ് വീണ്ടും എത്തിക്കാനാണ് ടൊയോട്ടയുടെ ശ്രമം. 47 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യന്‍ നിര്‍മിത ഗ്ലാന്‍സ എത്തിച്ചേക്കും. അതേസമയം, മാരുതി ഇന്ത്യയില്‍ നിന്ന് ബൊലേനൊ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ സൗത്ത് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ആഫ്രിക്കന്‍ നിരത്തുകളിലും ബൊലേനൊ ആയിരിക്കും സ്റ്റാര്‍ലെറ്റിന്റെ പ്രധാന എതിരാളി.

രൂപത്തിലും ഫീച്ചറുകളിലും ഇന്ത്യയിലെ ഗ്ലാന്‍സയ്ക്ക് സമാനമായിരിക്കും സൗത്ത് ആഫ്രിക്കയിലെത്തുന്ന സ്റ്റാര്‍ലെറ്റും. എന്നാല്‍, 93 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയം. ഇന്ത്യന്‍ നിരത്തുകളിലുള്ള ഗ്ലാന്‍സ, ബൊലേനൊ വാഹനങ്ങളില്‍ 83 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. 

മാരുതി സുസുക്കി-ടൊയോട്ട വാഹന നിര്‍മാതാക്കളുടെ സഹകരണത്തിന്റെ ഭാഗമായാണ് മാരുതിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായ ബൊലേനൊ, ടൊയോട്ട ഗ്ലാന്‍സ ബാഡ്ജിങ്ങില്‍ എത്തി തുടങ്ങിയത്. രൂപത്തിലോ കരുത്തിലോ മാറ്റം വരുത്താതെയാണ് ഈ വാഹനം എത്തിയത്. രണ്ട് വേരിയന്റിലെത്തിയ ഗ്ലാന്‍സയ്ക്ക് 7.01 ലക്ഷം മുതല്‍ 8.96 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

Source: RushLane

Content Highlights: Toyota Glanza Exporting To South Africa, Name Should Be Toyota Starlet