ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. ശ്രേണിയിലെ കിരീടം വയ്ക്കാത്ത രാജാവാണ് ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍. ആദ്യ വരവ് മുതല്‍ സെഗ്‌മെന്റ് ലീഡറായ ഈ വാഹനത്തിന്റെ പുതുതലമുറ മോഡലിന് മികച്ച അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. 2021 ജനുവരി ആദ്യം അവതരിപ്പിച്ച ഈ വാഹനം ഇതിനോടകം 5000 പേര്‍ ബുക്ക് ചെയ്തതായി നിര്‍മാതാക്കള്‍ അറിയിച്ചു.
ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ മോഡലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇത് ബുക്കിങ്ങില്‍ നിന്നും വാഹനത്തിന് ലഭിക്കുന്ന അന്വേഷണങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. പരമാവധി വേഗത്തില്‍ വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറാനാണ് ടൊയോട്ട ശ്രമിക്കുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.
ജനുവരി ആറിനാണ് ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഫോര്‍ച്യൂണര്‍ എസ്.യു.വിക്ക് 29.88 ലക്ഷം രൂപ മുതല്‍ 37.43 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. ലെജന്‍ഡര്‍ പതിപ്പിന് 37.58 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില.
മുന്‍ മോഡലില്‍നിന്ന് പൂര്‍ണമായും മാറിയുള്ള വലിയ ഗ്രില്ല്, നേര്‍ത്ത ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, വലിയ എയര്‍ കര്‍ട്ടണും സ്‌കിഡ് പ്ലേറ്റും നല്‍കിയുള്ള പുതിയ ബംബര്‍ എന്നിവയാണ് ഫോര്‍ച്യൂണറിന്റെ മുഖം അലങ്കരിക്കുന്നത്. റെഗുലര്‍ മോഡലിനെക്കാള്‍ സ്‌പോര്‍ട്ടി ഭാവമാണ് ലെജന്‍ഡറിനുള്ളത്.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ആംബിയന്റ് ലൈറ്റിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ്, വെന്റിലേറ്റഡ് സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍ എന്നിവ പുതുമയാണ്.
2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് പുതിയ ഫോര്‍ച്യൂണര്‍ നിരത്തിലെത്തിയിട്ടുള്ളത്. ഡീസല്‍ എന്‍ജിന്‍ 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമേകും. പെട്രോള്‍ മോഡല്‍ 164 ബി.എച്ച്.പി.പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
Content Highlights: Toyota Fortuner Gets 5000 booking In 30 Days