ടൊയോട്ടയുടെ വാഹനശ്രേണിയിലെ കരുത്തന്‍ മോഡലുകളായ ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും പുത്തന്‍ മോഡലുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നത് രഹസ്യമല്ല. ഫോര്‍ച്യൂണറിന്റെ വിവരങ്ങള്‍ പലോപ്പോഴായി പുറത്ത് വന്നുകഴിഞ്ഞു. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷം അവതരിക്കാനിരുന്ന ഫോര്‍ച്യൂണര്‍ വരവ് ദീപാവലിയിലേക്ക് മാറ്റിയതായാണ് വിവരം. 

മുഖഭാവത്തില്‍ വലിയ മാറ്റങ്ങളുമായായിരിക്കും ഫോര്‍ച്യൂണര്‍ എത്തുക. ടൊയോട്ടയുടെ ഹാരിയര്‍, റേവ്4, റെയ്‌സ് തുടങ്ങിയ വാഹനങ്ങളില്‍ നിന്ന് കടമെടുത്ത ഡിസൈന്‍ ശൈലിയായിരിക്കും ഫോര്‍ച്യൂണറില്‍ നല്‍കുകയെന്നാണ് സൂചന. എല്‍ഇഡി ഹെഡ്‌ലൈറ്റ്, കോംപാക്ട് അപ്പര്‍ ഗ്രില്ല്, വലിയ ബംമ്പര്‍, വലിയ ലോവര്‍ ഗ്രില്ല്, പുതിയ ഫോഗ് ലാമ്പ് എന്നിവ മുന്നില്‍ സ്ഥാനം പിടിക്കും.

ഇന്റീരിയറില്‍ കാര്യമായ മറ്റം വരുത്തിയേക്കില്ല. ബ്ലാക്ക്-ബേഡ് ഫിനീഷിങ്ങിലായിരിക്കും ഇന്റീരിയര്‍ ഒരുങ്ങുക. സെന്റര്‍ കണ്‍സോളിനെ ആകര്‍ഷകമാക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും പഴയ മോഡലില്‍ നിന്ന് പറിച്ചുനട്ടവയാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയും മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന.

ഏഴ് എയര്‍ബാഗ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് സിസ്റ്റം, ഡൗണ്‍ ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, എബിഎസ് എന്നിവ ഉള്‍പ്പെടുത്തി ശക്തമായ സുരക്ഷയും പുതിയ ഫോര്‍ച്യൂണറില്‍ പ്രതീക്ഷിക്കാം. വലിപ്പത്തിലും കാര്യമായ മാറ്റമുണ്ടാവില്ല. 4795 എംഎം നീളവും 1855 എംഎം വീതിയും 1835 എംഎം ഉയരവുമാണ് ഫോര്‍ച്യൂണറിനുള്ളത്. 

മുമ്പുണ്ടായിരുന്ന 2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 2.7 നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായിരക്കും പുതിയ ഫോര്‍ച്യൂണറിനും കരുത്തേകുന്നത്. ഡീസല്‍ എന്‍ജിന്‍ 174 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ 174 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കിയേക്കും.

Content Highlights: Toyota Fortuner Facelift Model Launch In Diwali Festival Season