വിശ്വസ്ത മോഡല്‍ ഇന്നോവ ക്രിസ്റ്റയെ പുതുക്കി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ കരുത്തുറ്റ ഫോര്‍ച്യൂണറിനെയും മുഖം മിനുക്കി ഇന്ത്യയിലെത്തിക്കാന്‍ ടെയോട്ട തയ്യാറെടുക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ പുതിയ മോഡല്‍ 'ഫോര്‍ച്യൂണര്‍ 2016' നിരത്തിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. 

2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവ് കഴിഞ്ഞ മാസം പിന്‍വലിച്ച സാഹചര്യത്തിലാണ്‌ പെട്ടെന്നുതന്നെ പുതിയ മോഡലിനെയും രാജ്യത്തെത്തിക്കാന്‍ കമ്പനി തീരുമാനിച്ചത്.  2016 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കമ്പനി പുതിയ മോഡലിനെ അവതരിപ്പിച്ചിരുന്നില്ല. എങ്കിലും എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും മുന്‍മോഡലില്‍നിന്ന് പ്രകടമായ മാറ്റങ്ങളുമായാണ് ന്യൂജെന്‍ ഫോര്‍ച്യൂണറിന്റെ വരവ്.

toyota

ടൊയോട്ടയുടെ ടി.എന്‍.ജി.എ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്നതിനാല്‍ കൂടുതല്‍ യാത്രാസുഖം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡീസല്‍ വേരിയന്റില്‍ രണ്ടു പതിപ്പുകളിലാണ് വാഹനം ലഭ്യമാകുക. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 3400 ആര്‍പിഎമ്മില്‍ പരമാവധി 160 ബിഎച്ച്പി കരുത്തും, 1600-2000 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കും നല്‍കും. 2.8 ലിറ്റര്‍ എഞ്ചിന്‍ 3400 ആര്‍പിഎമ്മില്‍ പരമാവധി 177 ബിഎച്ച്പി കരുത്തും 1600-2400 ആര്‍പിഎമ്മില്‍ 450 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.

toyota

ഫോര്‍ വീല്‍ ഡ്രൈവിനൊപ്പം സിക്‌സ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഫോര്‍ച്യൂണര്‍ ലഭ്യമാകും. 24 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വിപണി വില. ഫോര്‍ഡ് എന്‍ഡേവര്‍, ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍ എന്നീ മോഡലുകളണ് ഫോര്‍ച്യൂണറിന്റെ മുഖ്യ എതിരാളികള്‍. 80 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി, 2745 എംഎം വീല്‍ബേസ്, 225 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയ്‌ക്കൊപ്പം 12-13 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട വാഗ്ദ്ധാനം ചെയ്യുന്നത്‌.