ഹൈലെക്‌സ് ലൈഫ്‌സ്റ്റൈല്‍ പിക്ക്അപ്പ്, മാരുതിയുടെ റീ ബാഡ്ജിങ്ങ് പതിപ്പ് ടൊയോട്ട ബെല്‍റ്റ തുടങ്ങി ഒരു കൂട്ടം പുതിയ വാഹനങ്ങളാണ് 2022-ല്‍ ടൊയോട്ടയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. ഈ കൂട്ടത്തില്‍ ഒരു മുഖം മിനുക്കിയ പതിപ്പും വരവിനൊരുങ്ങുകയാണ്. ടൊയോട്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ കാംറി ഹൈബ്രിഡിന്റെ മുഖംമിനുക്കിയ മോഡലാണ് വരവിനൊരുങ്ങിയിരിക്കുന്നത്. ടീസര്‍ പുറത്തുവിട്ടാണ് ആരാധകരെ കാംറിയുടെ വരവറിയിച്ചിരിക്കുന്നത്. 

കഴിഞ്ഞ നവംബറില്‍ പ്രദര്‍ശിപ്പിച്ച കാംറിയുടെ മോഡലാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്താന്‍ കാത്തിരിക്കുന്നത്. ലുക്കില്‍ കാര്യമായ മാറ്റം വരുത്തിയതിനൊപ്പം ഫീച്ചറുകളിലും സുരക്ഷയിലും പ്രകടനത്തിലും കൂടുതല്‍ കരുത്താര്‍ജിച്ചാണ് പുതിയ കാംറി എത്തികയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരിക്കുന്നത്. കരുത്തിന്റെയും ആഡംബരത്തിന്റെയും സംഗമത്തിനായി കാത്തിരിക്കൂവെന്ന തലക്കെട്ടോടെയാണ് കാംറിയുടെ വരവറിയിച്ചുള്ള ടീസര്‍ ടൊയോട്ട പുറത്തുവിട്ടിട്ടുള്ളത്. 

Toyota Camry

ഇത്തവണത്തെ മുഖംമിനുക്കലില്‍ ഡിസൈനില്‍ കാര്യമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. ബ്ലാക്ക് ആക്‌സെന്റുകള്‍ നല്‍കിയിട്ടുള്ള വി ഷേപ്പ് ഗ്രില്ലാണ് മുഖഭാവം അലങ്കരിക്കുന്നത്. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും മുഖസൗന്ദര്യത്തില്‍ മാറ്റ് കൂട്ടുന്നുണ്ട്. പുതുക്കിപണിത മുന്നിലെ ബമ്പര്‍, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, വൃത്താകൃതിയില്‍ തീര്‍ത്തിരിക്കുന്ന ഫോഗ്‌ലാമ്പ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പ് എന്നിവയാണ് ഡിസൈനിലെ മറ്റ് പുതുമകള്‍.

നേരിയ മാറ്റങ്ങളോടെയാണ് അകത്തളം പുതുക്കി പണിതിട്ടുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഒമ്പത് ഇഞ്ച് ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുതിയ കാംറിയില്‍ നല്‍കിയിട്ടുള്ളത്. ടൊയോട്ടയുടെ സിഗ്‌നേച്ചറായ വൈ ഡിസൈനിലാണ് ഡാഷ്‌ബോര്‍ഡ് തീര്‍ത്തിട്ടുള്ളത്. ഹൊറിസോണ്ടല്‍ ഷേപ്പിലുള്ള എ.സി. വെന്റുകള്‍, സെന്റര്‍ കണ്‍സോളിലെ വലിയ കപ്പ് ഹോള്‍ഡറുകള്‍, ആംറെസ്റ്റ് തുടങ്ങിയവയും അകത്തളത്തില്‍ ഒരുങ്ങിയിട്ടുണ്ട്.

Toyota Camry

മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മുന്‍ഗാമിയെ അനുകരിച്ചാണ് പുതിയ കാംറിയും എത്തുകയെന്നാണ് വിവരം. മുന്‍ മോഡലില്‍ നല്‍കിയിട്ടുള്ള 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് മോട്ടോറാണ് കാംറിയുടെ ഹൃദയം. ഇതിലെ എന്‍ജിനും സെല്‍ഫ് ചാര്‍ജിങ്ങ് ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 215 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് സി.വി.ടി. ഗിയര്‍ബോക്‌സ് ആയിരിക്കും പുതിയ കാംറിയിലും ട്രാന്‍സ്മിഷന്‍ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Toyota Camry Hybrid Facelift Launch Soon, Camry Hybrid Facelift Teased, Toyota Camry