മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന മൂന്നാമത്തെ വാഹനമായ ബെല്‍റ്റ സെഡാന്‍ ഒരുമുഴം മുമ്പ് മിഡില്‍ ഈസ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു. മാരുതി സുസുക്കി സിയാസിനെ അടിസ്ഥാനമാക്കി ടൊയോട്ട പുറത്തിറക്കുന്ന വാഹനമാണ് ബെല്‍റ്റ എന്ന പേരില്‍ വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനം 2022-ന്റെ തുടക്കത്തോടെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൊയോട്ടയുടെ കോംപാക്ട് സെഡാന്‍ വാഹനമായിരുന്ന യാരിസിന്റെ നിര്‍മാണം അവസാനിപ്പിച്ചതോടെ ബെല്‍റ്റയുടെ വരവ് ഉടന്‍ ഉണ്ടാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, ഇന്ത്യയിലെ അവതരണം അടുത്ത വര്‍ഷത്തേക്ക് നീക്കിയതായാണ് പുതിയ വിവരം. മാരുതി സുസുക്കിയുടെ എം.പി.വി. മോഡലായ എര്‍ട്ടിഗയുടെ ടൊയോട്ട ബാഡ്ജിങ്ങ് പതിപ്പ് റൂമിയന്‍ എം.പി.വി. അടുത്തിടെ സൗത്ത് ആഫ്രിക്കന്‍ വിപണിയില്‍ എത്തിയിരുന്നു. 

പ്രീമീയം ലുക്ക് നല്‍കിയായിരിക്കും ടൊയോട്ട ബെല്‍റ്റ വിദേശ വിപണിയില്‍ എത്തിയിട്ടുള്ളത്. അതേസമയം, ഗ്രില്ല്, ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ് എന്നിവയുടെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടില്ല. ക്രോമിയം ആവരണം നല്‍കിയുള്ള ടൊയോട്ട ലോഗോയാണ് മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള പുതുമ. സിയാസില്‍ നല്‍കിയിട്ടുള്ളതില്‍ നിന്ന് അല്‍പ്പം പുതുമയോടെയാണ് ഈ വാഹനത്തിലെ അലോയി വീല്‍ ഒരുക്കിയിട്ടുള്ളത്. റിയര്‍ പ്രൊഫൈലിലും നേരിയ മാറ്റങ്ങള്‍ പ്രകടമാകുന്നുണ്ട്.

മാരുതിയുടെ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ എത്തുന്ന വാഹനമാണ് സിയാസ്. അതുകൊണ്ടുതന്നെ അകത്തളത്തില്‍ ആഡംബര ഭാവമാണ് നല്‍കിയിട്ടുള്ളത്. സിയാസിന്റെ അതേ ഇന്റീരിയറായിരിക്കും ബെല്‍റ്റയിലും നല്‍കുക. ഉയര്‍ന്ന വകഭേദത്തില്‍ ലെതര്‍ സീറ്റ്, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീല്‍, സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്. 

മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും സിയാസിലേത് തുടര്‍ന്നാണ് ബെല്‍റ്റയും എത്തിയിട്ടുള്ളത്. 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് രണ്ട് മോഡലിലും കരുത്തേകുന്നത്. ഇത് 104.7 പി.എസ്.പവറും 138 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളാണ് സിയാസിലെ ട്രാന്‍സ്മിഷന്‍. ബെല്‍റ്റിയും ഇത് തന്നെയാണ് നല്‍കിയിരിക്കുന്നത്.

Source: Autocar India

Content Highlights: Toyota Belta Unveiled In Middle East, Maruti Suzuki Ciaz, Toyota belta, Maruti Suzuki-Toyota