മാരുതി വാഗൺആർ | Photo: Maruti Suzuki
ലോകത്തിലെ തന്നെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ടയും സുസുക്കിയും സഹകരണം പ്രഖ്യാപിച്ചിട്ടുള്ളത് രഹസ്യമല്ല. ഈ കൂട്ടുകെട്ടില്‍ ഇതിനോടകം മാരുതിയുടെ രണ്ട് മോഡലുകള്‍ ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിച്ചിട്ടുമുണ്ട്. ഇനി മാരുതിയുടെ സെഡാന്‍ മോഡലായ സിയാസിന്റെയും എം.പി.വിയായ എര്‍ട്ടിഗയുടെയും റീ ബാഡ്ജിങ്ങ് എത്തുമെന്ന് അറിയിച്ചിട്ടുമുണ്ട്.
എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അപ്രതീക്ഷിത ട്വിസ്റ്റാണ് ഇന്ത്യയിലെ വാഹനപ്രേമികള്‍ക്ക് ഇടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ടൊയോട്ടയുടെ ലോഗോ പതിച്ചുള്ള മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ വാഗണ്‍ആറിന്റെ പരീക്ഷണയോട്ടത്തിന്റെ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ഇതോടെ വാഗണ്‍ആറും ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിക്കുമോയെന്ന സംശയം ബലപ്പെടുകയാണ്.
പരീക്ഷണയോട്ടത്തിന് ഇറങ്ങിയ വാഹനത്തിന്റെ അലോയി വീലില്‍ മാത്രമാണ് ടൊയോട്ടയുടെ ലോഗോ പതിപ്പിച്ചിരുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും ലോഗോകളോ പേരുകളോ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഇത് വാഗണ്‍ആറിന്റെ റീ ബാഡ്ജിങ്ങ് പതിപ്പാണെങ്കില്‍ മറ്റൊരു പേരില്‍ ആയിരിക്കും ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് അഭ്യൂഹങ്ങള്‍.
വാഗണ്‍ആറിന്റെ രൂപം മാത്രമാണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തില്‍ കടമെടുത്തിട്ടുള്ളത്. ഡിസൈനില്‍ തികച്ചും പുതുമ വരുത്തിയിട്ടുണ്ട്. മുഖഭാവം തികച്ചും പുതിയതാണ്. സ്പ്ലിറ്റ് ലൈറ്റാണ് മുന്നിലുള്ളത്. ബംമ്പറിനോട് ചേര്‍ന്നാണ് ഹെഡ്‌ലാമ്പിന്റെ സ്ഥാനം. വാഗണ്‍ആറിനെ അപേക്ഷിച്ച് വീതി കുറഞ്ഞതും സ്റ്റൈലിഷുമായാണ് ഗ്രില്ല് ഒരുക്കിയിട്ടുള്ളതെന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
മുന്നിലേയും പിന്നിലേയും ബമ്പറുകളും പുതുമയുള്ളതാണ്. വശങ്ങള്‍ മാരുതിയുടെ വാഗണ്‍ആറിന് സമാനമായാണ് ഒരുക്കിയിട്ടുള്ളത്. ടെയ്ല്‍ലാമ്പുകള്‍ വാഗണ്‍ആറിലേതിന് സമാനമായ ഡിസൈനാണ്. എന്നാല്‍. ഇത് പൂര്‍ണമായും എല്‍.ഇ.ഡിയിലാണ് ഒരുങ്ങിയിട്ടുള്ളത്. റിഫ്‌ളക്ഷന്‍ സ്ട്രിപ്പും ക്ലാഡിങ്ങും നല്‍കിയാണ് പിന്‍ഭാഗത്തെ ബമ്പര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. അലോയി ടൊയോട്ടയുടെതാണ്.
വാഗണ്‍ആറിന്റെ ടൊയോട്ട ബാഡ്ജിങ്ങ് പതിപ്പിനെ സംബന്ധിച്ച് യാതൊരു സൂചനകളും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത് യാഥാര്‍ഥ്യമാകുകയാണെങ്കില്‍ ടൊയോട്ടയുടെ എന്‍ട്രി ലെവല്‍ വാഹനമായിരിക്കും ഇതെന്നാണ് സൂചനകള്‍. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലാണ് മാരുതിയുടെ വാഗണ്‍ആര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ദൃശ്യങ്ങളിലുള്ള വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ വ്യക്തമല്ല.
Source: Car and Bike
Content Highlights: Toyota Badged Maruthi WagonR Spotted In Test Run
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..