ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട നിരത്തുകളിലെത്തിച്ചിട്ടുള്ള സെഡാന്‍ മോഡലായ യാരിസിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഒരുങ്ങുന്നു. ലിമിറ്റഡ് എഡിഷന്‍ ബ്ലാക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ടൊയോട്ട പുറത്തുവിട്ടു. പൂര്‍ണമായും കറുപ്പ് നിറത്തില്‍ മുങ്ങിക്കുളിച്ചെത്തുന്നതാണ് ഈ വാഹനത്തിന്റെ സവിശേഷത.
രൂപത്തില്‍ റെഗുലര്‍ യാരിസിന് സമാനമാണ് ബ്ലാക്ക് എഡിഷന്‍, എന്നാല്‍, ഗ്രില്ലില്‍നിന്നു ക്രോമിയം ലൈനുകള്‍ നീക്കിയിട്ടുണ്ട്. അതേസമയം, ഹെഡ് ലൈറ്റിന്റെയും ടെയ്ല്‍ ലൈറ്റിന്റെയും എഡ്ജുകളില്‍ ക്രോമിയം ഗാര്‍ണിഷ് നല്‍കിയിട്ടുണ്ട്. ഡോര്‍ എഡ്ജ് ലൈറ്റുകളും ബ്ലാക്ക് ഫിനീഷിങ്ങ് ഡോര്‍ ഹാന്‍ഡിലുമാണ് ഈ വാഹനത്തിലെ ഡിസൈന്‍ മാറ്റം.
ടൊയോട്ട യാരിസിലെ ജെ,ജി,വി,വിഎക്‌സ് തുടങ്ങിയ വേരിയന്റുകള്‍ ബ്ലാക്ക് എഡിഷന്‍ ആയേക്കുമെന്നാണ് സൂചന. പുതുതായി ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്ന ബ്ലാക്ക്-സില്‍വര്‍ ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും ഈ ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ പ്രത്യേകതയാകും. മറ്റ് ഫീച്ചറുകള്‍ റെഗുലര്‍ മോഡലിലേത് തുടരും.
ഇന്ത്യയിലെ സെഡാന്‍ ശ്രേണിയില്‍ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള വാഹനമാണ് യാരിസ്. ഏഴ് എയര്‍ബാഗ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, നാല് വീലിലും ഡിസ്‌ക് ബ്രേക്ക്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ യാരിസ് നല്‍കുന്നുണ്ട്.
യാരിസിന് കരുത്തേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് ലിമിറ്റഡ് എഡിഷന്‍ ബ്ലാക്കിന്റെയും ഹൃദയം. ഇത് 106 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവലായിരിക്കും ഇതിലെ ട്രാന്‍സ്മിഷന്‍. വൈകാതെ തന്നെ നിരത്തുകളിലെത്താരുങ്ങുന്ന ഈ വാഹനത്തിന്റെ വില അവതരണവേളയില്‍ മാത്രമേ പ്രഖ്യാപിക്കൂ.
Content Highlights: Toyota Announce Yaris Limited Edition Black