ന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളായ ടൊയോട്ട നിരത്തിലെത്തിക്കുന്ന എല്ലാ വാഹനങ്ങളുടെയും വില ഉയര്‍ത്തി. ജൂണ്‍ ഒന്ന് മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വന്നത്. അതേസമയം, ആഡംബര എംപിവി മോഡലായ വെല്‍ഫയറിന്റെയും ഹൈബ്രിഡ് വാഹനമായ കാംറി സെഡാന്റെയും വില ജൂലായിയില്‍ വര്‍ധിപ്പിക്കുമെന്നാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

ടൊയോട്ട ഗ്ലാന്‍സ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് രണ്ടു ശതമാനമാണ് വില ഉയര്‍ന്നിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതലാണ് ഈ വാഹനങ്ങളുടെ പുതിയ വില പ്രാബല്യത്തില്‍ വന്നത്. അടുത്ത മാസം വില ഉയര്‍ത്താനിരിക്കുന്ന വാഹനങ്ങള്‍ക്കും ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ വില ഉയര്‍ന്നേക്കുമെന്നാണ് വിവരങ്ങള്‍. 

രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും വാഹനങ്ങളുടെ എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതിനെയും തുടര്‍ന്ന് വില വര്‍ധനവിന് കമ്പനി നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ടൊയോട്ട പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വാഹനങ്ങളുടെ വര്‍ധിച്ച് വരുന്ന നിര്‍മാണചെലവ് ഉപയോക്താക്കളെ ബാധിക്കാതിരിക്കാന്‍ ടൊയോട്ട ശ്രമിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയര്‍ അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന് 79.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഹൈബ്രിഡ് മോഡലായ കാംറിയും അടുത്തിടെയാണ് ബിഎസ്6 എന്‍ജിനിലേക്ക് മാറിയത്. 37.88 ലക്ഷം രൂപയാണ് കാംറിയുടെ എക്‌സ്‌ഷോറും വില. 

ടൊയോട്ടയുടെ ഗ്ലാന്‍സയ്ക്ക് വേരിയന്റ് അനുസരിച്ച് 3000 രൂപ മുതല്‍ 25,000 രൂപ വരെയും, യാരിസിന് 10,000 രൂപ മുതല്‍ 12,000 രൂപ വരെയും ഇന്നോവ ക്രിസ്റ്റയ്ക്ക് 30,000 രൂപ മുതല്‍ 61,000 രൂപ വരെയും ഫോര്‍ച്യൂണറിന് 48,000 രൂപ വരെയുമാണ് വില ഉയര്‍ത്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Toyota Announce Price Hike; Vellfire and Camry Get Costly From July