ന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട വാഹനങ്ങളുടെ വില ഉയര്‍ത്തുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ടൊയോട്ട ഇന്ത്യയില്‍ എത്തിക്കുന്ന എല്ലാ വാഹനങ്ങളുടെയും വില വര്‍ധിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, എത്ര ശതമാനം വിലയാണ് വര്‍ധിപ്പിക്കുന്നതെന്ന് ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. 

ടൊയോട്ടയുടെ ഓരോ മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും അനുസരിച്ച് വിലയില്‍ മാറ്റമുണ്ടായേക്കുമെന്നാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വാഹനങ്ങളുടെ നിര്‍മാണ ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് വില വര്‍ധനവില്‍ ടൊയോട്ട നല്‍കുന്ന വിശദീകരണം.

വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, നിര്‍മാണ ചെലവില്‍ ഉണ്ടായിട്ടുള്ള വര്‍ധനവ് പൂര്‍ണമായും ഉപയോക്താക്കളെ ബാധിക്കാതെയുള്ള വര്‍ധനവ് വരുത്താനാണ് ടൊയോട്ട ഉദ്ദേശിക്കുന്നതെന്നാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ അറിയിച്ചിട്ടുള്ളത്. 

നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ മറ്റ് പല വാഹന നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ കമ്പനികളാണ് മുമ്പ് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ടാറ്റയുടെ വാണിജ്യ വാഹനങ്ങള്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Toyota Announce Price Hike From October 1