പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ മാസങ്ങളില്‍ വാഹനങ്ങളുടെ വില വര്‍ധിക്കുന്നത് സാധാരണ സംഭവമാണ്. ഈ പതിവ് തെറ്റാതെ ഈ വര്‍ഷം വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍. ടൊയോട്ടയുടെ വാഹന നിരയിലെ എല്ലാ മോഡലിനും ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വര്‍ധിക്കുന്ന നിരക്ക് പിന്നാലെ അറിയിക്കുമെന്നാണ് സൂചന.

വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വില ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില ഉയര്‍ത്താന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുന്നത്. എന്നാല്‍, നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചതിന്റെ ചെറിയ ഒരു ശതമാനം മാത്രമാണ് വില വര്‍ധനവില്‍ പ്രതിഫലിക്കുന്നുള്ളൂവെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ അറിയിച്ചു. വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചെലവുകള്‍ കുറയ്ക്കാന്‍ ടൊയോട്ട പ്രതിജ്ഞാബദ്ധമാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ടൊയോട്ട ഗ്ലാന്‍സ, യാരിസ്, അര്‍ബന്‍ ക്രൂയിസര്‍, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, കാംറി, വെല്‍ഫയര്‍ എന്നീ വാഹനങ്ങളാണ് ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഈ വാഹനങ്ങളുടെ വിലയ്ക്ക് ആനുപാതികമായ നേരിയ ശതമാനം വര്‍ധനവായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൂടുന്ന ശതമാനവും പുതിയ വിലയും ഏപ്രില്‍ ആദ്യത്തോടെ തന്നെ ടൊയോട്ട വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ടൊയോട്ടയ്ക്ക് പുറമെ, നിര്‍മാണ ചെലവ് ഉയര്‍ന്നത് ചൂണ്ടിക്കാട്ടി മറ്റ് വാഹന നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി, റെനോ, ഡാറ്റ്‌സണ്‍, നിസാന്‍ ഇസുസു തുടങ്ങിയ കാര്‍ നിര്‍മാതാക്കളാണ് പ്രധാനമായും വില വര്‍ധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ്, ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട ടൂവീലേഴ്‌സ് തുടങ്ങിയ ഇരുചക്ര വാഹന നിര്‍മാതാക്കളും വില വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍.

Content Highlights: Toyota Announce Price Hike Across Its Model