ന്ത്യയിലെ ഉത്സവ സീസണ്‍ ആഘോഷമാക്കുന്നതിനായി മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട. വിക്ടോറിയസ് ഒക്ടോബര്‍ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പദ്ധതി ഒക്ടോബര്‍ 31 വരെ നീളുമെന്നാണ് ടൊയോട്ട കിര്‍ലോസകര്‍ മോട്ടോര്‍ അറിയിച്ചിരിക്കുന്നത്. അഞ്ച് ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായാണ് ടൊയോട്ടയുടെ ഈ ആനുകൂല്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഫെബ്രുവരിയില്‍ പണം അടച്ച് തുടങ്ങിയാല്‍ മതിയെന്നതാണ് പ്രഖ്യാപിച്ചിട്ടുള്ളതില്‍ ഏറ്റവും ആകര്‍ഷകമായ ഓഫര്‍. പുതിയ വാഹനം വാങ്ങി നാല് മാസത്തിനപ്പുറം മാത്രം പണം അടച്ച് തുടങ്ങിയാല്‍ മതിയെന്നത് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറിന്റെ ഓണ്‍റോഡ് വിലയുടെ 90 ശതമാനം ഫണ്ടിങ്ങ് നല്‍കുമെന്നതും വിക്ടോറിയസ് ഒക്ടോബറിന്റെ ഭാഗമാണ്. 

ടൊയോട്ടയുടെ റീബാഡ്ജിങ്ങ് മോഡലുകളായ അര്‍ബണ്‍ ക്രൂയിസര്‍ കോംപാക്ട് എസ്.യു.വി, പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഗ്ലാന്‍സ തുടങ്ങിയ മോഡലുകള്‍ക്ക് ബൈ-ബാക്ക് സ്‌കീം തുടങ്ങിയ ആനുകൂല്യവും ടൊയോട്ട ഈ ഉത്സവ കാലത്ത് ഒരുക്കിയിട്ടുണ്ട്. ടൊയോട്ടയുടെ സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വാറണ്ടി കാലാവധി നീട്ടി നല്‍കിയിട്ടുള്ളതും ഇപ്പോള്‍ പ്രഖ്യാപിച്ച ഓഫറുകളിലെ ഹൈലൈറ്റാണ്.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ടൊയോട്ടയുടെ പ്രീമിയം വാഹനങ്ങളായ കാംറി, വെല്‍ഫയര്‍ തുടങ്ങിയ മോഡലുകളുടെ വാറന്റി മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ എന്നത് എട്ട് വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കീലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ വാങ്ങല്‍ ഉറപ്പാക്കുന്നതിനായി കിര്‍ലോസ്‌കര്‍ ടൊയോട്ട വെര്‍ച്വല്‍ ഷോറൂം തുറന്നിട്ടുണ്ട്. അതുവഴി ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടും ടൊയോട്ട ഉറപ്പാക്കുന്നുണ്ട്.

Content Highlights: Toyota Announce Festival Season Offer For Vehicles, Victories October Offer