ടൊയോട്ടയുടെയും സുസുക്കിയുടെയും കൂട്ടുകെട്ട് വാഹന ലോകത്ത് വന്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. ആ പ്രതീക്ഷ തെറ്റിയിട്ടില്ലെന്നതിന്റെ തെളിവാണ് മാരുതിയും സുസുക്കിയും ചേര്‍ന്ന് മഹീന്ദ്രയുടെ മരാസോയിക്കുള്ള എതിരാളിയെ ഒരുക്കുന്നു എന്ന വാര്‍ത്ത.

ടൊയോട്ടയുടെ സാങ്കേതികവിദ്യയും സുസുക്കിയുടെ വിദഗ്ധരുടെ കഴിവും സമന്വയിപ്പിക്കുന്ന വാഹനമായിരിക്കും ഈ പ്രീമിയം എംപിവി എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. 

ഇതിന് പിന്നാലെ സുസുക്കി ടൊയോട്ട കൂട്ടുകെട്ടില്‍ ഇലക്ട്രിക് വാഹനങ്ങള്‍, കൂടുതല്‍ കോംപാക്ട് കാറുകള്‍ എന്നിവയും നിര്‍മിക്കുമെന്നാണ് ഇരു കമ്പനികളും അറിയിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ തന്നെ ടൊയോട്ട-സുസുക്കി വാഹനങ്ങള്‍ നിരത്തിലെത്തും

ടൊയോട്ടയുടെ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യ സുസുക്കിയുടെ വാഹനങ്ങളുമായി പങ്കിടുന്നതിനൊപ്പം ഇരു കമ്പനികളും ചേര്‍ന്ന് ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. യുറോപ്പിലെ സുസുക്കിയില്‍ ടൊയോട്ട കൊറോളയുടെ ഇലക്ട്രിക് നിര്‍മിക്കുന്നതായും സൂചനയുണ്ട്.

മാരുതിയുടെ അഭിമാന മോഡലുകളായ സിയാസ്, എര്‍ട്ടിഗ എന്നീ വാഹനങ്ങള്‍ ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ പുറത്തിറക്കും. കോംപാക്ട് എസ്‌യുവിയായ ബ്രെസയും പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയും ടൊയോട്ട പുറത്തിറക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Content Highlights: Toyota and Suzuki to jointly develop Mahindra Marazzo challenger