ന്ത്യന്‍ വാഹനവിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിനായി 20 ലക്ഷം രൂപയില്‍ താഴെയുള്ള എംപിവികളും എസ്‌യുവികളും നിരത്തിലെത്തിക്കുമെന്ന് മാരുതി അറിയിച്ചിരുന്നു. ഇത് എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. ടൊയോട്ടയ്‌ക്കൊപ്പമായിരിക്കും ഈ വാഹനങ്ങള്‍ നിര്‍മിക്കുക. 

 

20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള എംപിവി മോഡല്‍ ടൊയോട്ട-മാരുതി കൂട്ടുകെട്ടിലായിരിക്കും ഒരുങ്ങുക. ഇന്ത്യന്‍ നിരത്തുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മഹീന്ദ്രയുടെ മരാസോയുമായി ഏറ്റുമുട്ടാനായിരിക്കും ഈ വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനുപുറമെ, 2022-ഓടെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലും കരുത്താര്‍ജിക്കാനാണ് മാരുതിയുടെ നീക്കം. മാരുതി വിത്താര ബ്രെസയുടെ പ്ലാറ്റ്‌ഫോമിലൊരുങ്ങുന്ന ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നീ വാഹനങ്ങളുടെ എതിരാളിയാകും. 

ടൊയോട്ടയുടെ ബിദഡിയിലെ പ്ലാന്റിലായിരിക്കും എംപിവി നിര്‍മിക്കുകയെന്നാണ് വിവരം. ഡിസൈന്‍  മുതല്‍ സാങ്കേതികവിദ്യയിലുള്‍പ്പെടെ ഇരുകമ്പനികളും സഹകരിക്കും. എന്നാല്‍, ഈ എംപിവി എപ്പോള്‍ എത്തുമെന്ന കാര്യം വ്യക്തമല്ല.

മാരുതി ബലേനൊയുടെ റി-ബാഡ്ജിങ്ങ് മോഡലായ ടൊയോട്ട ഗ്ലാന്‍സയാണ് മാരുതി-ടൊയോട്ട സഹകരണത്തിലെ ആദ്യ വാഹനം. വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക്, ഹൈബ്രിഡ് തുടങ്ങിയ വാഹനങ്ങള്‍ എത്തിക്കാനാണ് ഇരുകമ്പനികളും പ്രധാനമായി ലക്ഷ്യമിടുന്നത്.

Content Highlights: Toyota And Maruti Jointly Develop MPV