ഡീസല്‍ കാറുകളെ അപേക്ഷിച്ച് പെട്രോള്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുകയാണ്. ഡീസല്‍ എഞ്ചിനുകളെക്കാള്‍ കുറഞ്ഞ മലിനീകരണ തോതും കുറഞ്ഞ വിലയും വിപണിയിലെ മുന്നേറ്റത്തില്‍ പെട്രോള്‍ കാറുകള്‍ക്ക് വലിയൊരളവില്‍ തുണയേകുന്നു. ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) കണക്കുപ്രകാരം ഇന്ധനക്ഷമതയില്‍ രാജ്യത്ത് മുന്‍നിരയിലുള്ള 5 പെട്രോള്‍ കാറുകളെ പരിചയപ്പെടാം...

Redigo

1. ഡാറ്റ്‌സണ്‍ റെഡിഗോ - നിസാന്റെ ബജറ്റ് ബ്രാന്റായ ഡാറ്റ്‌സണ്‍ പുറത്തിറക്കിയ ചെറു കാറാണ് റെഡിഗോ. 25.17 കിലോമീറ്ററാണ് ഈ ടോള്‍ ബോയ് ഹാച്ച്ബാക്കിന്റെ ഇന്ധനക്ഷമത. 35 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മാരുതി ആള്‍ട്ടോ, റെനോ ക്വിഡ്, ഹുണ്ടായി ഇയോണ്‍ എന്നിവയാണ് ഇവന്റെ എതിരാളികള്‍.  799 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കുമേകും. 2.61 ലക്ഷം രൂപ മുതല്‍ 3.81 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറും വില. 

kwid

2. റെനോ ക്വിഡ് - ഇന്ത്യന്‍ കാര്‍ വിപണിയില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന മാരുതി ആള്‍ട്ടോയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ആദ്യ മോഡലാണ് റെനോയുടെ ക്വിഡ്. അകത്തളത്തെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ചെറു എസ്.യു.വികളോട് കിടപിടിക്കുന്ന രൂപവും ക്വിഡിനെ വളരെപ്പെട്ടന്ന് ജനപ്രിയ വാഹനമാക്കി മാറ്റി. 25.17 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ക്വിഡിന്റെ പെട്രോള്‍ എഞ്ചിന്‍ നല്‍കുക. 2.65 ലക്ഷം രൂപ മുതല്‍ 4.57 ലക്ഷം വരെയാണ് ക്വിഡിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 0.8 ലിറ്റര്‍, 1 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. 

alto 800

3. മാരുതി ആള്‍ട്ടോ 800 - നിരത്തിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജനപ്രീതിയില്‍ യാതൊരു കോട്ടവും തട്ടാത്ത ഒരെയൊരു മോഡലാണ് മാരുതി സുസുക്കി ആള്‍ട്ടോ 800. 24.7 കിലോമീറ്ററാണ് ആള്‍ട്ടോയുടെ ഇന്ധനക്ഷമത. 60 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 2.47 ലക്ഷം രൂപ മുതല്‍ 3.74 ലക്ഷം വരെയാണ് ഇവന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 796 സിസി എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 48 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 69 എന്‍എം ടോര്‍ക്കുമേകും. 

alto K 10

4. മാരുതി ആള്‍ട്ടോ K 10 - ആള്‍ട്ടോ 800-ന്റെ ഗംഭീര വിജയത്തിന് പിന്നാലെ പുതിയ രൂപത്തില്‍ എഞ്ചിന്‍ കരുത്ത് വര്‍ധിപ്പിച്ച് മാരുതി അവതരിപ്പിച്ച മോഡലാണ് ആള്‍ട്ടോ K 10. ന്യൂജെന്‍ രൂപവും പുതിയ എഞ്ചിനും ആള്‍ട്ടോ സീരീസില്‍ K10-നെ എളുപ്പത്തില്‍ മുന്‍നിരയിലെത്തിച്ചു. 24.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഹനം നല്‍കുക. 998 സിസി എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 90 എന്‍എം ടോര്‍ക്കുമേകും. 3.27 ലക്ഷം രൂപ മുതല്‍ 4.17 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

tata tiago

5. ടാറ്റ ടിയാഗോ - പതിവ് ടാറ്റ മുഖങ്ങളില്‍ നിന്ന് അല്‍പം മാറ്റത്തോടെ നിരത്തിലെത്തിയ ഹാച്ച്ബാക്ക് മോഡലാണ് ടിയാഗോ. 23.84 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 83.8 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമേകും. 3.20 ലക്ഷം രൂപ മുതല്‍ 4.92 ലക്ഷം വരെയാണ് ടിയാഗോയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

Note - ലബോറട്ടറി സാഹചര്യങ്ങള്‍ ടെസ്റ്റ് ചെയ്ത വിലയിരുത്തിയ ഇന്ധനക്ഷമത കണക്കാണിത്. റോഡിന്റെ നിലവാരവും മറ്റും അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് അതത് മോഡലുകള്‍ക്ക് ഇത്ര തന്നെ ഇന്ധനക്ഷമത ലഭിച്ചുകൊള്ളണമെന്നില്ല.