പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഡ്രൈവിങ്ങ് ഏറ്റവുമധികം ദുഷ്കരവും അപകടകരവുമാകുന്ന സമയമാണ് മഴക്കാലം. റോഡുകളില്‍ കാണപ്പെടുന്ന വെള്ളക്കെട്ടുകള്‍, തുറന്നുകിടക്കുന്ന ഓടകളും മാന്‍ഹോളുകളും വെള്ളം മൂടികിടക്കുന്ന കുഴികളും ടിഞ്ഞ് കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും തുടങ്ങി നിരത്തുകളില്‍ നിരവധി വില്ലന്മാരാണ് മഴക്കാലത്ത് അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. വേനല്‍കാലത്ത് വാഹനമോടിക്കുന്നത് പോലെയല്ല മഴക്കാലത്തെ ഡ്രൈവിങ്ങ് എന്ന് സാരം.
തീര്‍ത്തും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയെന്നതാണ് ഉത്തമമായ രീതി. എങ്കിലും തീരെ ഒഴിവാക്കാന്‍ സാധിക്കാത്ത യാത്രകളില്‍ വളരെ അധികം ശ്രദ്ധയോടെ വേണം വാഹനവുമായി നിരത്തുകളില്‍ ഇറങ്ങാന്‍. മഴക്കാലത്ത് നിരത്തുകളില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന പ്രതിഭാസമാണ് ജലപാളി പ്രവര്‍ത്തനം അല്ലെങ്കില്‍ അക്വാപ്ലെയിനിങ്ങ് എന്നത്. റോഡില്‍ വെള്ളക്കെട്ടുള്ളപ്പോള്‍ അതിന് മുകളിലൂടെ അതിവേഗത്തില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണ് ഇത് ഒഴിവാക്കാനുള്ള മാര്‍ഗം.
മുന്നിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിച്ച് ഓടിക്കുകയെന്നതാണ് മഴക്കാല ഡ്രൈവിങ്ങ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള ചെളിവെള്ളം വിന്‍ഡ്ഷീല്‍ഡില്‍ അടിച്ച് കാഴ്ചയ്ക്ക് മറവുണ്ടാക്കുമെന്ന് മാത്രമല്ല, ഊര്പ്പംമൂലം ബ്രേക്കിങ്ങിന്റെ കാര്യക്ഷമത പൊതുവേ കുറയുന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തിയാല്‍ നമ്മുടെ വാഹനം നിര്‍ത്താന്‍ കഴിയാതെ വന്നേക്കാം. ബ്രേക്ക് ലൈറ്റുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാകണമെന്നില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1, വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയും റോഡിലൂടെയും ഡ്രൈവ് ചെയ്യരുത്.
2, ശക്തമായ മഴയുള്ളപ്പോള്‍ മരങ്ങളോ ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികില്‍ ഹസാര്‍ഡസ് വാണിങ്ങ് ലൈറ്റ് ഓണ്‍ചെയ്ത് വാഹനം പാര്‍ക്ക് ചെയ്യുക.
3, മഴക്കാലത്ത് സഡന്‍ ബ്രേക്കിങ്ങ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കിയേക്കും.
4, മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെയോ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.
5, വെള്ളക്കെട്ടിലൂടെ വാഹനമോടിക്കേണ്ടി വന്നാല്‍ ഫസ്റ്റ് ഗിയറില്‍ മാത്രം പോകുക. വാഹനം നില്ക്കുകയാണെങ്കില് വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്.
6, ബ്രേക്കിനുള്ളില്‍ വെള്ളം കയറിയാല്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കണം. പിന്നീട് ബ്രേക്ക് ചെറുതായി ചവിട്ട് പിടിച്ച് കുറച്ച് ഓടുകയും ശേഷം രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പുവരുത്തണം.
7, വെള്ളത്തിലൂടെ പോകുമ്പോള്‍ എ.സി. ഓഫ് ചെയ്യുക.
8, മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും. അതുകൊണ്ട് വാഹനം വേഗത്തില്‍ ഓടിക്കുന്നതിന് പകരം മുന്‍കൂട്ടി യാത്രതിരിക്കുക.
9, നിര്‍ത്തിയിട്ട് വാഹനത്തില്‍ വെള്ളം കയറിയാല്‍ ഒരുകാരണവശാലും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്.
10, വാഹനത്തിന്റെ ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുക.
ഇവയും ഉറപ്പാക്കണം
- വൈപ്പര്‍ ക്ലീന്‍ ആയി സൂക്ഷിക്കുക-വേനല്‍കാലത്ത് ഉപയോഗം കുറവായതിനാല്‍ തന്നെ മഴയ്ക്ക് മുമ്പ് വൈപ്പര്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഇതിനുപുറമെ, പൊടിയു മറ്റും പറ്റിപിടിച്ചിരിക്കുന്ന ഗ്ലാസില്‍ വെള്ളം ഒഴിക്കാതെ വൈപ്പര്‍ ഓണ്‍ ചെയ്യരുത്.
- ടയറിന്റെ കാര്യക്ഷമത ഉറപ്പാക്കുക- മഴക്കാലത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ ഗ്രിപ്പുള്ള ടയറുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. തേയ്മാനം സംഭവിച്ച ടയറുകള്‍ കാര്യക്ഷമമായ ബ്രേക്കിങ്ങ് നല്‍കില്ല. ഇതിനുപുറമെ, എയര്‍ പ്രഷര്‍ പരിശോധിച്ച ശേഷമം മാത്രമേ വാഹനം ഉപയോഗിക്കാവൂ.
- ലൈറ്റുകളും ഇന്റിക്കേറ്ററുകളും-വാഹനത്തിലെ ലൈറ്റുകളുടെയും ഇന്റിക്കേറ്ററുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമായിരിക്കണം. റോഡില്‍ വ്യക്തമായ വെളിച്ചം നല്കാന് ഹെഡ്ലാംമ്പ് വ്യത്തിയായി സൂക്ഷിക്കാം. ഹെഡ്ലാംമ്പ് ഗ്ലാസിന് മങ്ങലുണ്ടെങ്കില്‍ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തുടച്ച് തിളക്കം വീണ്ടെടുക്കാം.
- വാഹനത്തില്‍ ഈര്പ്പമുണ്ടാവരുത്- വാഹനത്തിനുള്ളില്‍ ജലാംശം കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി ഗ്ലാസുകളും മറ്റും പൂര്‍ണമായും ഉയര്‍ത്തിയിടണം. റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കുന്നതും നല്ലതാണ്. വാഹനത്തിനുള്ളില്‍ മഴവെള്ളമെത്തിയാല്‍ പൂപ്പലിന്റെ ആക്രമണമുണ്ടായേക്കാം.
- വാഹനം കഴുകുന്നത് ശീലമാക്കാം- മഴക്കാലത്തും വാഹനം ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കഴുകി വൃത്തിയാക്കണം. അല്ലാത്ത പക്ഷം വാഹനത്തില്‍ ചെളിയും മറ്റും അടിഞ്ഞുകൂടി വാഹനത്തിന്റെ ബോഡിയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കേടുപാട് സംഭവിച്ചേക്കാം.
- ബ്രേക്ക് പരിശോധന ശീലമാക്കാം- യാത്ര തുടങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും ബ്രേക്ക് പരിശോധിക്കുന്നത് ഉത്തമം. ബ്രേക്ക് ഫ്ളൂയിഡ് കൃത്യമായി ചേഞ്ച് ചെയ്യണം. ലീക്ക് ഇല്ലെന്നും ഉറപ്പുവരുത്തുക. ഇരുചക്ര വാഹനങ്ങളുടെ ഡിസ്ക് ബ്രേക്ക് ക്ലീന്‍ ചെയ്ത് സൂക്ഷിക്കണം.
- ഉണങ്ങിയ ശേഷം മൂടിയിടുക-മഴയില്‍ ഒടിയെത്തിയ വാഹനം നനവോടെ മൂടിയിടരുത്. ഇത് വാഹനത്തിന്റെ ബോഡിയില്‍ തുരുമ്പുണ്ടാക്കും. അല്ലെങ്കില്‍ വാഹനത്തിലുള്ള ചെറിയ തുരുമ്പ് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാനും കാരണമാകും.
- ബാറ്ററിക്കും കരുതല്‍- മഴക്കാലത്ത് വാഹനങ്ങളുടെ ബാറ്ററിയുടെ ടെര്‍മിനലുകളില്‍ തുരുമ്പ് അല്ലെങ്കില്‍ ക്ലാവ് അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ടെര്‍മിനലുകള്‍ പെട്രോള്‍ ജെല്ലി പുരട്ടി വൃത്തിയാക്കുന്നത് ശീലമാക്കുക.
- അകത്തളം-വാഹനത്തിന്റെ അകത്തളത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. വാഹനത്തിന്റെ ഫ്ളോറില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നത് ഇന്റീരിയര്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. ടൗവലുകള്‍ ഉപയോഗിച്ച് സീറ്റ് കവര്‍ ചെയ്യുന്നതും നല്ലതാണ്.
Content Highlights: Tips for safe travel and driving during the rainy season, vehicle care in monsoon season
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..