എസ്.യു.വി വാഹനങ്ങളുടെ വിപണിയിലുണ്ടായ കുതിപ്പ് മുതലെടുക്കാനൊരുങ്ങി കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. ഇതിന്റെ ഭാഗമായി 2021-ഓടെ പുതിയ ഒരു എസ്.യു.വി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് ഇവര്‍. ഹ്യുണ്ടായി എസ്.യു.വി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാകുമെന്ന് പ്രതിക്ഷിക്കുന്ന ഈ വാഹനത്തിന് ബെയോണ്‍ എന്ന് പേര് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രാന്‍സിലെ പ്രധാന നഗരമായ ബയോണ്‍ എന്ന പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മോഡലിന് ഈ പേര് നല്‍കുന്നതെന്നാണ് വിവരം. 2021-ന്റെ ആദ്യ പകുതിയില്‍ നിരത്തുകളില്‍ ഈ വാഹനം എത്തിക്കുമെന്നാണ് ഹ്യുണ്ടായി ഉറപ്പുനല്‍കിയിട്ടുള്ളത്. വരവിന് മുന്നോടിയായ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
ഹ്യുണ്ടായിയുടെ എസ്.യു.വികളായ കോന, ടൂസോണ്‍, നെക്‌സോ, സാന്റാ ഫേ തുടങ്ങിയ മോഡലുകളുടെ പിന്തുടര്‍ച്ചക്കാരനായാണ് ബയോണ്‍ എത്തുന്നത്. പ്രധാനമായും യുറോപ്യന്‍ വിപണിയെ ലക്ഷ്യമാക്കിയായിരിക്കും ഈ എസ്.യു.വി എത്തിക്കുക. അതുകൊണ്ടാണ് ഫ്രാന്‍സിലെ നഗരത്തിന്റെ പേരുമായി സാമ്യമുള്ള പേര് ഈ വാഹനത്തിന് നല്‍കുന്നതെന്നാണ് വിലയിരുത്തലുകള്‍.
ബയോണ്‍ എസ്.യു.വിയുടെ ഡിസൈന്‍ സംബന്ധിച്ച കാര്യമായ സൂചനകള്‍ ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടില്ല. ബൂമറാങ്ങ് ആകൃതിയിലുള്ള ടെയ്ല്‍ലൈറ്റിന്റെ ചിത്രം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേസമയം, പരീക്ഷണയോട്ടത്തില്‍ ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഹ്യുണ്ടായിയുടെ ഐ30-യുമായി സാമ്യമുള്ള ഡിസൈനായിരിക്കും ഇതിലും നല്‍കുകയെന്നാണ് സൂചന.
ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹ്യുണ്ടായി സ്ഥിരീകരിച്ചിട്ടില്ല. ഈ വാഹനത്തിന്റെ ശ്രേണിയില്‍ മറ്റ് മോഡലുകള്‍ എത്തിയിട്ടുള്ളതിനാലാണ് ബയോണിന്റെ ഇന്ത്യ പ്രവേശനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. എന്നാല്‍, ഇന്ത്യയ്ക്കായി ഹ്യുണ്ടായി ഒരുക്കുന്ന ഏഴ് സീറ്റര്‍ എസ്.യു.വി 2021-ല്‍ വരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: The newest addition to our SUV line-up: The Hyundai Bayon