2020-ല്‍ ഇന്ത്യന്‍ നിരത്തുകളില്‍നിന്ന് പിന്‍വലിച്ച ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എസ്.യു.വി. കൂടുതല്‍ പ്രൗഡിയോടെ ഇന്ത്യന്‍ നിരത്തുകളില്‍ മടങ്ങിയെത്തി. എലഗന്‍സ് എന്ന ഒറ്റ വേരിയന്റില്‍ മാത്രം വിപണിയില്‍ എത്തിയിട്ടുള്ള ഈ എസ്.യു.വിക്ക് 31.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് എത്തുന്ന ഈ വാഹനത്തിന് പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് കരുത്തേകുന്നത്. 

ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന ടിഗ്വാന്റെ മുഖം മിനുക്കിയ പതിപ്പ് 2020-ലാണ് ആഗോള വിപണിയില്‍ പ്രദര്‍ശിപ്പിച്ചത്. മുന്‍ മോഡലില്‍നിന്ന് ഡിസൈന്‍ മാറ്റവും അകത്തളത്തില്‍ പുതുമയും വരുത്തിയാണ് ടിഗ്വാന്‍ എസ്.യു.വി. രണ്ടാം വരവ് നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം എസ്.യു.വികളായ ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍, സിട്രോണ്‍ സി5 എയര്‍ക്രോസ് എന്നീ മോഡലുകളുമായായിരിക്കും ടിഗ്വാന്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ആദ്യകാഴ്ചയില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന മാറ്റങ്ങളാണ് എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ വരുത്തിയിട്ടുള്ളത്. ക്രോമിയം ആവരണത്തില്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, എല്‍.ഇ.ഡി. മാറ്റ്‌റിക്‌സ് ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പുതുക്കി പണിതിട്ടുള്ള ബമ്പര്‍, ത്രികോണാകൃതിയില്‍ ഒരുങ്ങിയിട്ടുള്ള ഫോഗ്‌ലാമ്പ് തുടങ്ങിയവയാണ് മുഖഭാവത്തില്‍ നല്‍കിയിട്ടുള്ള പുതുമ. അതേസമയം, പിന്‍ഭാഗത്തെ മാറ്റം ടെയ്ല്‍ലാമ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

വെര്‍ച്വല്‍ കോക്പിറ്റ് മാതൃകയിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. വിയന ലെതറില്‍ പൊതിഞ്ഞ സീറ്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഇലക്ട്രിക് ആയി അഡ്ജസ്റ്റ് ചെയ്യുന്നതിനൊപ്പം മെമ്മറി ഫങ്ഷനും നല്‍കിയിട്ടുള്ള ഡ്രൈവര്‍ സീറ്റ്, 30 ഷെയ്ഡുകള്‍ നല്‍കിയിട്ടുള്ള ആംബിയന്റ് ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവയാണ് അകത്തളെ ആഡംബരമാക്കുന്നത്. 

മുമ്പ് കരുത്തേകിയിരുന്ന ഡീസല്‍ എന്‍ജിനെ പാടെ ഉപേക്ഷിച്ചാണ് ടിഗ്വാന്‍ തിരിച്ചെത്തുന്നത്. ടിഗ്വാന്‍ ഓള്‍സ്പേസില്‍ നല്‍കിയിട്ടുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ടിഗ്വാനും കുതിപ്പേകുന്നത്. 2.0 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിന്‍ 187 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡി.എസ്.ജി. ആയിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. കമ്പനിയുടെ ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഫോര്‍ മോഷനും ഇതില്‍ നല്‍കുന്നുണ്ട്.

Content Highlights: The New Volkswagen Taigun Launched In India, Volkswagen Taigun Facelift, Volkswagen