2022-ഓടെ ആഗോള വാഹന വിപണിയില്‍ 12 എസ്.യു.വികള്‍ എത്തിക്കുമെന്നാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി ഫോക്‌സ്‌വാഗണിന്റെ ക്രോസ്ഓവര്‍ മോഡലായ ടൈഗോ പ്രദര്‍ശനത്തിനെത്തി. കമ്പനിക്ക് ശക്തമായ സാന്നിധ്യമുള്ള യൂറോപ്യന്‍ വിപണിയിലാണ് ഈ വാഹനം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 

കൂപ്പെ വാഹനങ്ങളുടെ ഡിസൈനില്‍ അഞ്ച് സീറ്റര്‍ മോഡലായാണ് ടൈഗോ എത്തിയിട്ടുള്ളത്. അവതരണത്തിന് മുന്നോടിയായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ക്രോസ്ഓവര്‍ വാഹനത്തിന്റെ ഡിസൈന്‍ സ്‌കെച്ച് ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ടിരുന്നു. സ്‌കെച്ചില്‍ നല്‍കിയിട്ടുള്ള ഡിസൈനിനോട് തികച്ചും നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പ് എത്തുകയെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വാഹനം തെളിയിക്കുന്നത്. 

സൗത്ത് അമേരിക്കല്‍ വിപണികളില്‍ ഫോക്സ്വാഗണ്‍ എത്തിച്ച നിവോസ് കൂപ്പെ എസ്.യു.വിയെ അടിസ്ഥാനമാക്കിയാണ് ടൈഗോ ഒരുങ്ങിയിരിക്കുന്നത്. ഫോക്സ്വാഗണിന്റെ MQB AO പ്ലാറ്റ്ഫോമാണ് ഈ വാഹനത്തിനും അടിസ്ഥാനമൊരുക്കുന്നത്. നവീനമായ ഡിസൈനിനൊപ്പം ഡിജിറ്റല്‍ കോക്പിറ്റ്, പുതുതലമുറ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ടൈഗോയുടെ ഹൈലൈറ്റായി കമ്പനി അഭിപ്രായപ്പെടുന്നത്. 

എല്‍.ഇ.ഡി. മാട്രിക്‌സ് ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്, എല്‍.ഇ.ഡി. ഫ്ളാഷ് ലൈറ്റ് എന്നിവ അടിസ്ഥാന ഫീച്ചറായി നല്‍കും. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഫോഗ്ലാമ്പും ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള ബമ്പര്‍, ഹണി കോംമ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ലും ഡി.ആര്‍.എല്ലിന് സമാന്തരമായി ഗ്രില്ലില്‍ നല്‍കിയിട്ടുള്ള ക്രോമിയം ലൈനുമാണ് ടൈഗോയിലുള്ളത്. 

മോഡേണ്‍ കണ്‍ട്രോള്‍ സംവിധാനങ്ങളുള്ള സ്റ്റിയറിങ്ങ് വീല്‍, മൂന്നാം തലമുറ MIB3-യെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് അകത്തളത്തിലുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 10 ജി.ബി. ഇന്റേണല്‍ മെമ്മറി, ഇന്റര്‍നെറ്റും വൈ-ഫൈ സംവിധാനവും ഇതില്‍ നല്‍കുന്നുണ്ട്.

1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനുകളിലാണ് ടൈഗോ എത്തുന്നത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 94 ബി.എച്ച്.പി, 109 ബി.എച്ച്.പി. പവറുകള്‍ ഉത്പാദിപ്പിക്കും. 148 ബി.എച്ച്.പി. പവറാണ് 1.5 ലിറ്റര്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ടൈഗോ എത്തുന്നുണ്ട്.

Content Highlights:The New Volkswagen Taigo Makes its European Debut