ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയുടെ പുതിയ കണ്‍ട്രിമാന്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ് ജെ.സി.ഡബ്ല്യു എന്നീ രണ്ട് വകഭേദങ്ങളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 39.5 ലക്ഷം രൂപയും 43.4 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഈ വാഹനത്തിന്റ ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

ബി.എം.ഡബ്ല്യുവിന്റെ ചെന്നൈയിലെ പ്ലാന്റില്‍ പ്രദേശികമായി നിര്‍മിച്ചാണ് ഈ രണ്ട് മോഡലുകളും നിരത്തുകളില്‍ എത്തുക. ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈന്‍, പുതുതലമുറ ഫീച്ചറുകള്‍ എന്നിവ ഉറപ്പാക്കിയാണ് പുതിയ കണ്‍ട്രിമാന്‍ എത്തിയിട്ടുള്ളത്. ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റി ഡ്രൈവുകള്‍ക്കും ഒരുപോലെ ഇണങ്ങുന്ന വാഹനമായിരിക്കും കണ്‍ട്രിമാന്‍ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. നിരവധി ആനുകൂല്യങ്ങളും ഈ വാഹനത്തിന് ഒരുക്കുന്നുണ്ട്.

വൈറ്റ് സില്‍വര്‍, സെയ്ജ് ഗ്രീന്‍ എന്നീ രണ്ട് പുതിയ നിറങ്ങള്‍ കണ്‍ട്രാമാന്‍ നിരയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, രൂപമാറ്റം സംഭവിച്ച് മുന്നിലേയും പിന്നിലേയും ബമ്പര്‍, എല്‍.ഇ.ഡി.ഹെഡ്‌ലൈറ്റ്, യൂണിയന്‍ ജാക്ക് ഡിസൈനിലുള്ള എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ് എന്നിവയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. മുമ്പുണ്ടായിരുന്ന മിഡ് നൈറ്റ് ബ്ലാക്ക്, ചില്ലി റെഡ്, ഐലന്റ് ബ്ലൂ, ബ്രിട്ടീഷ് റേസിങ്ങ് ഗ്രീന്‍ എന്നീ നിറങ്ങളിലും ഈ വാഹനമെത്തും. 

Mini Countyman

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഒരുക്കിയാണ് കണ്‍ട്രിമാന്‍ മോഡലിന്റെ വരവ്. 5.5 ഇഞ്ച് വലിപ്പമുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍.ഇ.ഡി. റിങ്ങിന്റെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള 8.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ലെതറില്‍ പൊതിഞ്ഞ സീറ്റുകളും ഡാഷ്‌ബോര്‍ഡും, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഇന്റീരിയറിലെ കൂടുതല്‍ ആഡംബരമാക്കും.

ട്വിന്‍ പവര്‍ ടെക്‌നോളജിയില്‍ ഒരുങ്ങിയിട്ടുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് രണ്ട് പതിപ്പുകള്‍ക്കും കരുത്ത് പകരുന്നത്. 192 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡബിള്‍ ക്ലെച്ച് സ്റ്റെപ്പ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 7.5 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന് 225 കിലോമീറ്ററാണ് പരമാവധി വേഗത.

Content Highlights: The new MINI Countryman launched in India